കൂമാനും റൊട്ടേഷൻ തന്ത്രം പയറ്റുന്നു, ഗെറ്റാഫെക്കെതിരെ നിർണായകമായ മൂന്ന് മാറ്റങ്ങൾ വരുത്തും !
ഇതുവരെ ലാലിഗയിൽ കൂമാന് കീഴിൽ മൂന്ന് മത്സരങ്ങളാണ് എഫ്സി ബാഴ്സലോണ കളിച്ചിട്ടുള്ളത്. ഈ മൂന്ന് മത്സരങ്ങളും കാര്യമായി മാറ്റങ്ങൾ ഒന്നും വരുത്താതെ ഒരേ ലൈനപ്പ് തന്നെയാണ് കൂമാൻ ഉപയോഗിച്ചത്. ആദ്യത്തെ രണ്ട് മത്സരത്തിൽ മികച്ച വിജയം നേടാൻ കഴിഞ്ഞുവെങ്കിലും അവസാനമത്സരത്തിൽ സെവിയ്യയോട് ബാഴ്സലോണ സമനില വഴങ്ങുകയായിരുന്നു.
4-2-3-1 എന്ന ശൈലി ഉപയോഗിക്കുന്ന കൂമാൻ ഗ്രീസ്‌മാൻ, ഫാറ്റി, മെസ്സി, കൂട്ടീഞ്ഞോ എന്നിവരെയാണ് മുന്നിൽ അണിനിരത്താറുള്ളത്. എന്നാൽ അടുത്ത ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിൽ നിർണായകമായ മൂന്ന് മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് കൂമാൻ. നിലവിലെ ഇലവനിലെ മൂന്ന് താരങ്ങളെ പുറത്തിരുത്തി പകരം പുതിയതായി ടീമിലെത്തിയ മൂന്ന് താരങ്ങൾക്ക് അവസരം നൽകാനാണ് ഇപ്പോൾ ഇദ്ദേഹം ഉദ്ദേശിക്കുന്നത്. മിറലം പ്യാനിക്ക്, സെർജിനോ ഡെസ്റ്റ്, ട്രിൻക്കാവോ എന്നീ താരങ്ങൾ ആയിരിക്കും ഗെറ്റാഫെക്കെതിരെ അണിനിരക്കുക.
Koeman's first rotations planned for Getafe clash https://t.co/yzQs3ZyL9r
— SPORT English (@Sport_EN) October 14, 2020
4-2-3-1 എന്ന ശൈലിയിൽ കൂമാൻ മാറ്റം വരുത്തിയേക്കില്ല. മറിച്ച് ഗ്രീസമാനോ ഫാറ്റിക്കോ പകരം ട്രിൻക്കാവോക്ക് കൂമാൻ അവസരം നൽകിയേക്കും. ഇതോടെ രണ്ടിലൊരാൾ പുറത്തിരിക്കേണ്ടി വന്നേക്കും. പിന്നീട് ബുസ്ക്കെറ്റ്സിനെ ബെഞ്ചിലിരുത്തി പകരം പ്യാനിക്കിന് ഇടം നൽകാനാണ് കൂമാൻ ആലോചിക്കുന്നത്. കൂടാതെ അയാക്സിൽ നിന്നെത്തിയ ഡെസ്റ്റിനും ഇടം നൽകും. പരിക്കേറ്റ ആൽബയുടെ സ്ഥാനത്തേക്ക് ആയിരിക്കും താരത്തെ പരിഗണിക്കുക. പ്രതിരോധനിരയിലെ രണ്ട് വിങ്ങിലും കളിക്കാൻ കഴിയുന്ന താരമാണ് ഡെസ്റ്റ്.
ഗെറ്റാഫെക്കെതിരെയുള്ള പരീക്ഷണത്തിന് ശേഷം ആവിശ്യമായ മാറ്റങ്ങൾ കൂമാൻ പിന്നീട് നടത്തും. എന്തെന്നാൽ വളരെ നിർണായകമായ മത്സരങ്ങൾ ആണ് പിന്നീട് ബാഴ്‌സക്ക് നേരിടാനുള്ളത്. ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വേറൊസ്, യുവന്റസ് എന്നിവയെ നേരിടുന്ന ബാഴ്‌സ ഇതിനിടെ ലാലിഗയിൽ റയലിനെയും നേരിടുന്നുണ്ട്. അത്കൊണ്ട് തന്നെ ശക്തമായ ഒരു നിരയെ കണ്ടെത്താനാണ് കൂമാന്റെ ശ്രമം.