കൂമാന്റെ പട്ടികയിലെ അവസാനക്കാരനും പുറത്തേക്ക്, താരത്തെ ടീമിലെത്തിക്കാൻ നാലോളം ക്ലബുകൾ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂമാൻ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട താരങ്ങളിൽ അവസാനത്തെയാളാണ് പ്രതിരോധനിരക്കാരൻ സാമുവൽ ഉംറ്റിറ്റി. താരത്തെ ആവിശ്യമില്ലെന്ന് കൂമാൻ മുമ്പേ അറിയിച്ചിരുന്നു. ലൂയിസ് സുവാരസ്, ഇവാൻ റാക്കിറ്റിച്ച്, ആർതുറോ വിദാൽ എന്നീ താരങ്ങളെയാണ് കൂമാൻ ഇതുവരെ ഒഴിവാക്കിയതിൽ പ്രമുഖർ. ഇനി ഉംറ്റിറ്റികൂടി ആയാൽ പട്ടിക പൂർത്തിയാവും.

ഇപ്പോഴിതാ അവസാനനിമിഷം ക്ലബ്ബിന്റെ പുറത്തേക്കുള്ള വഴിയിലാണ് ഉംറ്റിറ്റി. താരത്തെ നിലനിർത്താൻ താല്പര്യമില്ലാത്ത ബാഴ്‌സ ഒക്ടോബർ അഞ്ചിന് മുമ്പ് വിൽക്കാനുള്ള ഒരുക്കത്തിലാണ്. താരത്തിന് വേണ്ടി സിരി എയിലെയും ലീഗ് വണ്ണിലേതുമായി നാലോളം ക്ലബുകൾ രംഗത്ത് വന്നിട്ടുണ്ട്. താരത്തെ ലോൺ അടിസ്ഥാനത്തിൽ ടീമിൽ എത്തിക്കാനാണ് ഈ ക്ലബുകൾക്ക് താല്പര്യം.

താരത്തിന്റെ മുൻ ക്ലബായ ലിയോൺ, ഫ്രഞ്ച് ലീഗിലെ തന്നെ റെന്നസ്, സിരി എ വമ്പൻമാരായ എഎസ് റോമ, നാപോളി എന്നിവർക്കാണ് ഉംറ്റിറ്റിയെ ആവിശ്യമുള്ളത്. പ്രമുഖമാധ്യമമായ മാർക്കയാണ് ഈ വാർത്തയുടെ ഉറവിടം. എന്നാൽ ഇവർക്കൊക്കെ പ്രധാനതടസ്സം എന്നുള്ളത് താരത്തിന്റെ ഉയർന്ന സാലറിയാണ്.ഉംറ്റിറ്റി ബാഴ്‌സ വിടുകയാണേൽ രക്ഷപ്പെടുക മറ്റൊരു ഡിഫൻഡറായ ജീൻ ക്ലെയർ ടോഡിബോയാണ്. താരത്തെ വിൽക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ബാഴ്‌സ പിന്തിരിഞ്ഞേക്കും.

നിലവിൽ ജെറാർഡ് പിക്വേ, ക്ലമന്റ് ലെങ്ലെറ്റ് എന്നിവരാണ് ബാഴ്‌സയുടെ പ്രതിരോധനിരയിൽ ഉള്ളത്. ഇരുവരുമാണ് കൂമാന്റെ പദ്ധതികളിൽ ഉള്ളതും കൂടാതെ ബാഴ്‌സ ബിയിലൂടെ വന്ന റൊണാൾഡ് അരൗഹോയുമുണ്ട്. എന്നാൽ ഉംറ്റിറ്റിയുടെ സ്ഥാനത്തേക്ക് ഗാർഷ്യയെ എത്തിക്കാൻ ബാഴ്‌സ ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.