അവസാനനിമിഷത്തിലും സിദാന്റെ അടിയുറച്ച നീക്കം, ലിയോൺ താരത്തിനായി വാഗ്ദാനം ചെയ്തത് സൂപ്പർ താരത്തെയും തുകയും.

കഴിഞ്ഞ ദിവസമായിരുന്നു ലിയോൺ താരം ഹൗസേം ഔവറിനെ ലിയോണിൽ നിന്നും റാഞ്ചാൻ റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ ശ്രമം നടത്തിയത്. ആഴ്‌സണൽ ടീമിലെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന താരത്തിന്റെ ട്രാൻസ്ഫറിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു റയൽ മാഡ്രിഡിന്റെ പ്രവേശനം. സിദാൻ ലിയോണിനെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു.

എന്നാൽ റയൽ പരിശീലകൻ വെറുമൊരു പാഴ്ശ്രമമല്ല നടത്തിയത് എന്നതിനുള്ള തെളിവാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. താരത്തെ റാഞ്ചാൻ വേണ്ടി അവസാനനിമിഷത്തിലും അടിയുറച്ചു കൊണ്ട് തന്നെയായിരുന്നു സിദാന്റെ നീക്കം. ഒരു റയൽ താരത്തെയും കൂടാതെ പണവും ഉടനടി തന്നെ സിദാൻ ലിയോണിന് വാഗ്ദാനം ചെയ്തു എന്നാണ് വാർത്തകൾ. സ്പാനിഷ് മീഡിയയായ ഡയാറിയോ എഎസ് ആണ് ഈ വാർത്തയുടെ ഉറവിടം.

റയൽ മാഡ്രിഡ്‌ സ്‌ട്രൈക്കർ മരിയാനോ ഡയസിനെയാണ് ലിയോണിന് വാഗ്ദാനം ചെയ്തത്. മുൻ ലിയോൺ താരം കൂടിയാണ് ഡയസ്. താരത്തെ കൂടാതെ ഇരുപത് മില്യൺ യൂറോയും റയൽ മാഡ്രിഡ്‌ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ ഓഫർ ലിയോൺ നിരസിച്ചതായാണ് അറിയാൻ കഴിയുന്നത്. ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി ഒരു ദിവസം മാത്രം ശേഷിക്കെ ഈ മധ്യനിര താരത്തെ നൽകാൻ ലിയോണിന് താല്പര്യമില്ല. ഇതിനാൽ തന്നെ റയലിന്റെ ഓഫർ ലിയോൺ തള്ളികളയുകയായിരുന്നു.

ഈ സീസണിൽ ഒരു സൈനിങ്‌ പോലും റയൽ മാഡ്രിഡ്‌ നടത്തിയിട്ടില്ല. എന്നാൽ സൈനിങ്ങിനുള്ള സാധ്യതകൾ സിദാൻ തള്ളികളഞ്ഞിരുന്നില്ല. എന്തും സംഭവിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയുടെ അഭിപ്രായ പ്രകാരം ഇനി താരത്തിന്റെ കാര്യത്തിൽ ആകെ പ്രതീക്ഷയുള്ളത് ആഴ്സണലിന് മാത്രമാണ്. താരത്തെ എത്തിക്കാൻ ആർട്ടെറ്റയും സംഘവും ശ്രമിക്കുകയാണ്.