സുവാരസിനെ പിന്തുണച്ച മെസിക്കെതിരെ കൂമാന്റെ പ്രതികാര നടപടിയുണ്ടാകും, മുന്നറിയിപ്പു നൽകി മുൻ അയാക്സ് താരം

സുവാരസിനെ പിന്തുണക്കുകയും ബാഴ്സലോണ നേതൃത്വത്തെയും പരിശീലകനെയും വിമർശിക്കുകയും ചെയ്ത മെസിക്കെതിരെ കൂമാൻ പ്രതികാര നടപടി എടുത്തേക്കാമെന്ന മുന്നറിയിപ്പു നൽകി മുൻ അയാക്സ് താരം മിഡോ. കൂമാൻ അയാക്സ് പരിശീലകനായിരിക്കുമ്പോൾ തനിക്കുണ്ടായ അനുഭവം ട്വിറ്ററിൽ കുറിച്ചാണ് ഈജിപ്ഷ്യൻ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സുവാരസ് ബാഴ്സലോണ വിട്ടതിനു പിന്നാലെ മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ച സന്ദേശത്തിൽ ക്ലബ് നേതൃത്വത്തെ വിമർശിച്ചിരുന്നു. ബാഴ്സക്കു വേണ്ടി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരം ഇതിനേക്കാൾ ബഹുമാനം അർഹിക്കുന്നുണ്ടെന്നും പുറത്താക്കിയതു പോലെ ഒഴിവാക്കിയത് ശരിയായില്ലെന്നുമാണ് മെസിയുടെ വാക്കുകളിൽ തെളിഞ്ഞു നിന്നത്. ഇപ്പോൾ നടക്കുന്നതൊന്നും തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും മെസി കുറിച്ചിരുന്നു.

അതേ സമയം പതിനെട്ടു വയസു മാത്രം പ്രായമുള്ള താൻ അയാക്സ് ടീമിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് കൂമാൻ തന്നെ പുറത്താക്കിയതെന്നും സുവാരസിനെ പിന്തുണച്ച മെസിക്കെതിരെ കർക്കശ സ്വഭാവമുള്ള അദ്ദേഹം എന്തു നടപടിയാണു കൈക്കൊള്ളുകയെന്ന് കണ്ടറിയണമെന്നും ട്വിറ്ററിൽ മിഡോ കുറിച്ചു. മെസി തന്നേക്കാൾ എത്രയോ മുകളിലാണെന്ന വസ്തുത തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസിക്കെതിരെ കൂമാൻ പ്രതികാര നടപടി എടുക്കാൻ സാധ്യതയില്ലെങ്കിലും ഇത് പല തരം പ്രത്യാഘാതങ്ങളും ടീമിൽ സൃഷ്ടിച്ചേക്കും. മെസിയെ ബെഞ്ചിലിരുത്തുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഈ സീസൺ സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്.