ഇപ്പോഴും മെസ്സി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം, ഉനൈ എംറി പറയുന്നു.

ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി തന്നെയാണെന്ന് വിയ്യാറയൽ പരിശീലകൻ ഉനൈ എംറി. അടുത്ത ദിവസം ബാഴ്‌സയെ നേരിടുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിയ സംസാരിക്കുകയായിരുന്നു വിയ്യാറയൽ പരിശീലകൻ. മെസ്സിക്ക് കളത്തിനകത്ത് തന്റെ ബന്ധങ്ങൾ തുടരാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും മത്സരത്തിലെ തൊണ്ണൂറ് മിനുട്ടും എതിരാളികൾക്ക് ഒരു പ്രശ്നത്തിന് കാരണമാവുന്ന താരമാണ് മെസ്സി എന്നാണ് അദ്ദേഹം അറിയിച്ചത്.

” കളത്തിനകത്ത് മെസ്സിക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. അത്‌ തുടരാനാണ് മെസ്സി പോവുന്നത്. മാത്രമല്ല വ്യക്തിഗതമായി ഗോൾ നേടാനുള്ള അവസരങ്ങളുമാണ് അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹതാരങ്ങളായ ജോർദി ആൽബ, സെർജി റോബെർട്ടോ, അന്റോയിൻ ഗ്രീസ്‌മാൻ എന്നിവർക്കൊപ്പമോ അല്ലെങ്കിൽ സ്വന്തമായോ അദ്ദേഹം ഞങ്ങൾക്ക് വെല്ലുവിളിയുയർത്തും ” ഉനൈ എംറി തുടർന്നു.

” എപ്പോഴും എതിരാളികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു താരമാണ് മെസ്സി. മത്സരത്തിന്റെ തൊണ്ണൂറ് മിനുട്ടും ഞങ്ങൾ ശ്രദ്ദിക്കേണ്ട ഒരു പ്രശ്നമായി മെസ്സി അവിടെ ഉണ്ടാകും. അഭിമുഖീകരിക്കാൻ ഏറ്റവും കൂടുതൽ പ്രയാസമുള്ള താരമാണ് മെസ്സി. അത്‌ അദ്ദേഹം തുടരും എന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. എന്തെന്നാൽ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി തന്നെയാണ് ” എംറി കൂട്ടിച്ചേർത്തു.

ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30 നാണ് ബാഴ്‌സ വിയ്യാറയലിനെ ലാലിഗയിൽ നേരിടുന്നത്. ലീഗിലെ ആദ്യ റൗണ്ട് പോരാട്ടമാണെങ്കിലും ബാഴ്‌സയുടെ ആദ്യ മത്സരമാണ് ഇത്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് വിയ്യാറയൽ. അതേസമയം പ്രീ സീസണിലെ എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ബാഴ്സയുടെ വരവ്. മൂന്ന് മത്സരങ്ങളിൽ മൂന്നിലും ബാഴ്‌സ വിജയിച്ചു കയറിയിരുന്നു. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, അന്റോയിൻ ഗ്രീസ്‌മാൻ, ഫിലിപ്പെ കൂട്ടീഞ്ഞോ, അൻസു ഫാറ്റി എന്നിവരായിരിക്കും ബാഴ്സയുടെ മുന്നേറ്റനിരയെ നയിക്കുക.