കൂമാനു നേരെ വിരൽ ചൂണ്ടി ഗ്രീസ്മൻ, ഫ്രാൻസ് പരിശീലകനു പ്രശംസ

ബാഴ്സലോണയിൽ വന്ന കാലം മുതൽ തന്നെ ഗ്രീസ്മൻ നേരിട്ട പ്രധാന പ്രശ്നം പൊസിഷൻ മാറി കളിക്കേണ്ടി വന്നതാണ്. ഇതു താരത്തിന്റെ ഫോമിനെയും ആത്മവിശ്വാസത്തെയും വളരെയധികം ബാധിച്ചിട്ടുണ്ട്. ഇന്റർനാഷണൽ മത്സരങ്ങളുടെ ഇടവേളയിൽ ഫ്രാൻസ് പരിശീലകൻ ദെഷാംപ്സും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഫോം നിലനിർത്തിയില്ലെങ്കിൽ ടീമിൽ ഇടമുണ്ടാകില്ലെന്ന മുന്നറിയിപ്പും ഫ്രാൻസ് പരിശീലകൻ നൽകിയിരുന്നു.

ഇന്നലെ ക്രൊയേഷ്യക്കെതിരെ നടന്ന ഫ്രാൻസിന്റെ മത്സരത്തിൽ ഇതിനെല്ലാമുള്ള മറുപടി കൂടിയാണ് ഗ്രീസ്മൻ നൽകിയത്. മത്സരത്തിൽ ആദ്യഗോൾ നേടിയ താരം ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. അതിനു ശേഷം ഫ്രാൻസ് പരിശീലകൻ ദെഷാംപ്സിനെ പ്രശംസിച്ച താരം റൊണാൾഡ് കൂമാനു നേരെ വിമർശനത്തിന്റെ ഒളിയമ്പയക്കുക കൂടിയാണു ചെയ്തത്.

“മത്സരം വളരെ കടുപ്പമേറിയതായിരുന്നു. കാണുന്നതും കളിക്കുന്നതും രസകരമായിരുന്നില്ല. എന്നാൽ ഞാൻ തൃപ്തനാണ്. ദെഷാംപ്സിന് എന്നെ എവിടെ കളിപ്പിക്കണമെന്ന് നന്നായി അറിയാം. ആ പൊസിഷനെയും സാഹചര്യങ്ങളെയും സഹതാരങ്ങളുടെ ആത്മവിശ്വാസവും എനിക്കു മുതലെടുക്കാൻ കഴിഞ്ഞു.” ഗ്രീസ്മൻ പറഞ്ഞു.

ഫ്രാൻസ് ടീമിൽ സെൻട്രൽ പൊസിഷനിൽ കളിക്കുന്ന ഗ്രീസ്മൻ പക്ഷേ ബാഴ്സലോണയിൽ വിങ്ങിലാണു കളിക്കുന്നത്. താരത്തെ സ്വാഭാവിക പൊസിഷനിൽ കളിപ്പിക്കുമെന്ന വാക്കുകൾ ഇതുവരെയും കൂമാൻ നടപ്പിലാക്കിയിട്ടില്ല. അടുത്ത മത്സരത്തിൽ താരത്തെ കൂമാൻ പൊസിഷൻ മാറ്റുമോയെന്നാണു കണ്ടറിയേണ്ടത്.