ബാഴ്സയുടെ മാറ്റത്തിന് കാരണം കൂമാൻ? മെസ്സിയുൾപ്പെടുന്ന എല്ലാ താരങ്ങളെയും തൃപ്തിപ്പെടുത്താൻ കൂമാന് കഴിഞ്ഞു !

എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ കൂമാന് കീഴിൽ ക്ലബ് മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പറയത്തക്ക പുതിയ താരങ്ങളെയൊന്നും എത്തിക്കാതെ തന്നെ മികച്ച മാറ്റങ്ങൾ വരുത്താൻ കൂമാന് കഴിഞ്ഞിട്ടുണ്ട്. പ്രീ സീസണിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ചതിന് പിന്നാലെ ലീഗിലെ രണ്ട് മത്സരങ്ങൾ വിജയിക്കും ഒരു മത്സരം സമനില വഴങ്ങുകയുമാണ് ചെയ്തത്.

മൂന്ന് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ അടിച്ചു കൂട്ടിയ ബാഴ്‌സ വഴങ്ങിയത് കേവലം ഒരു ഗോൾ മാത്രമാണ്. ചാമ്പ്യൻസ് ലീഗിൽ തകർന്നു തരിപ്പണമായ ടീമിനെ പുനർനിർമ്മിക്കുന്ന ആദ്യഘട്ടത്തിൽ കൂമാൻ വിജയിച്ചു എന്ന് വേണം കരുതാൻ. ഇത് തന്നെയാണ് സ്പാനിഷ് മാധ്യമങ്ങൾക്കും അടിവരയിട്ടു ഉറപ്പിച്ചു പറയാനുള്ളത്. ബാഴ്സയിലെ ഈ മാറ്റത്തിന് കാരണം റൊണാൾഡ് കൂമാൻ എന്ന വ്യക്തി മാത്രമാണ് എന്നാണ് സ്പോർട്ട് പറയുന്നത്. മെസ്സിയുൾപ്പെടുന്ന എല്ലാ താരങ്ങളെയും പറഞ്ഞു ബോധ്യപ്പെടുത്താനും സംതൃപ്തിപ്പെടുത്താനും കൂമാന് കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.

പരിശീലകനായ ശേഷം കൂമാൻ ഉടൻ മെസ്സിയെ കാണാൻ പോയിരുന്നു. മെസ്സി അസംതൃപ്തനാണെന്ന് മനസ്സിലാക്കിയ അദ്ദേഹം മെസ്സിയുടെ പ്രശ്നങ്ങൾ വ്യക്തമായി പഠിക്കുകയായിരുന്നു. തുടർന്ന് മെസ്സി തുടരാൻ തീരുമാനിച്ചതോടെ കൂമാൻ താരവുമായി സംസാരിക്കുകയായിരുന്നു. ഇതിൽ കൂമാന്റെ പ്രൊജക്റ്റിൽ മെസ്സി തൃപ്തി പ്രകടിപ്പിച്ചതായാണ് വാർത്തകൾ. ലീഗിലെ മത്സരങ്ങൾക്ക് ശേഷമുള്ള പത്രസമ്മേളനങ്ങളിലും ഈയിടെ നൽകിയ ഒരഭിമുഖത്തിലും മെസ്സി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. താൻ പ്രചോദിതനായി എന്നായിരുന്നു മെസ്സിയുടെ പരാമർശം. ഇത് കൂമാൻ കാരണമാണ് എന്നാണ് കണ്ടെത്തൽ.

മെസ്സിയെ കൂടാതെ മറ്റെല്ലാ താരങ്ങളെയും തൃപ്തിപ്പെടുത്താൻ കൂമാന് കഴിഞ്ഞിട്ടുണ്ട്. ബ്രസീലിയൻ താരം ഫിലിപ്പെ കൂട്ടീഞ്ഞോ കൂമാന് കീഴിൽ ഒരുപാട് വികാസം പ്രാപിച്ച താരമാണ്. കൂടാതെ ഫാറ്റി, ട്രിൻക്കാവോ, പെഡ്രി, ഡെസ്റ്റ് എന്നിവരുമായൊക്കെ തന്നെയും കൂമാൻ നല്ല ബന്ധത്തിലാണ്. ഏതായാലും ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിൽ ജയം തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ കൂമാന്റെ ഏറ്റവും വലിയ വെല്ലുവിളി ചാമ്പ്യൻസ് ലീഗിലെ യുവന്റസിനെതിരെയുള്ള മത്സരമാണ്.