ബെർണബൂ നവീകരിക്കാനുള്ള തുക മെസിയെ സ്വന്തമാക്കാൻ പെരസ് ഓഫർ ചെയ്തു, വെളിപ്പെടുത്തലുമായി ഇറ്റാലിയൻ ജേർണലിസ്റ്റ്

ബാഴ്സലോണ സൂപ്പർതാരമായ ലയണൽ മെസിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് 2013ൽ ശ്രമം നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറ്റാലിയൻ ജേണലിസ്റ്റായ ജിയാൻലൂക്ക ഡി മർസിയോ. തന്റെ പുസ്തകമായ ഗ്രാൻ ഹോട്ടൽ കാൽസിയോ മെർകാടോയിലാണ് ഡി മർസിയോ ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ൽ ഫുട്ബോൾ ലീക്സും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

“2013ലാണ് റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ളോറന്റീനോ പെരസ് ഈ പ്രപോസൽ മുന്നോട്ടു വെച്ചത്. 250 മില്യൺ യൂറോയാണ് മെസിക്കു നൽകിയ ഓഫർ. അതു സാന്റിയാഗോ ബെർണബൂവിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ടി കരുതി വെച്ചിരുന്ന തുകയായിരുന്നു.” തന്റെ പുസ്തകത്തിൽ ഡി മർസിയോ വ്യക്തമാക്കി.

റയലിന്റെ ഓഫർ മെസി തുറന്നടിച്ചു നിരസിക്കുകയായിരുന്നു എന്നും ഡി മർസിയോ വ്യക്തമാക്കി. റയൽ മാഡ്രിഡിലേക്കു താൻ വരുന്നില്ലെന്നും വെറുതെ സ്വന്തം സമയം പാഴാക്കരുതെന്നുമാണ് മെസി ഓഫറിനു മറുപടിയായി പറഞ്ഞതെന്ന് ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി.

മെസി ടീമിലേക്കു വന്നില്ലെങ്കിലും റയലിന്റെ നേട്ടങ്ങൾക്ക് അതിനു ശേഷവും യാതൊരു കുറവും സംഭവിച്ചിട്ടില്ല. പിന്നീട് നാലു യൂറോപ്യൻ കിരീടങ്ങളാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. അടുത്ത സമ്മറിൽ മെസിയുടെ കരാർ അവസാനിക്കാനിരിക്കെ വീണ്ടുമൊരു ശ്രമം കൂടി റയൽ നടത്തുമോയെന്ന് കണ്ടറിയേണ്ടതാണ്.