തന്റെ ഭാവിയെക്കുറിച്ച് അവസാന തീരുമാനമെടുത്ത് കെയ്ലിയൻ എംമ്പപ്പേ, ഇനിയുള്ള ലക്ഷ്യം ചാമ്പ്യൻസ് ലീഗ്.
കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരാണ് കിലിയൻ എംബാപ്പെ. തന്റെ പ്രിയപ്പെട്ട ക്ലബായ റയൽ മാഡ്രിഡിലേക്ക് താരം ഫ്രീ ഏജന്റായി ചേക്കേറുമെന്ന് ഏവരും കരുതിയെങ്കിലും അത് സംഭവിച്ചില്ല. പിഎസ്‌ജിയുടെ വമ്പൻ ഓഫറിനോട് യെസ് പറഞ്ഞ താരം ഫ്രഞ്ച് ക്ലബിനൊപ്പം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
റയൽ മാഡ്രിഡ് താരങ്ങൾക്കും നേതൃത്വത്തിനും ആരാധകർക്കുമെല്ലാം അതൃപ്‌തി നൽകിയ തീരുമാനമായിരുന്നു എംബാപ്പയുടേത്. താരത്തിനെതിരെ പ്രതിഷേധം ഉണ്ടായെങ്കിലും ഇനിയൊരിക്കലും റയൽ മാഡ്രിഡിന് എംബാപ്പയെ വേണ്ടെന്ന തീരുമാനം ആരും എടുത്തിട്ടില്ല. സമകാലീന ഫുട്ബോളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന എംബാപ്പെ ക്ലബിലെത്തിയാൽ ഗുണം ചെയ്യുമെന്ന് റയലിന് നന്നായി അറിയാം.
എന്നാൽ പിഎസ്‌ജി വിടുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നാണ് എംബാപ്പെ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം വ്യക്തമാക്കുന്നത്. പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വരെ കളിച്ചിട്ടുള്ള തനിക്ക് കിരീടനേട്ടം മാത്രമാണ് ബാക്കിയുള്ളതെന്നും അത് ക്ലബിനൊപ്പം തന്നെ നേടാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു.
“അടുത്ത ചുവട് ചാമ്പ്യൻസ് ലീഗ് വിജയമാണ്. ഫൈനൽ, സെമി ഫൈനൽ, ക്വാർട്ടർ ഫൈനൽ, റൌണ്ട് ഓഫ് 16 എന്നിവ ഞാൻ ചാമ്പ്യൻസ് ലീഗിൽ കളിച്ചു. എന്നാൽ വിജയം മാത്രമാണ് ഇനിയെനിക്ക് ബാക്കിയുള്ളത്. എനിക്കത് പാരീസിൽ വെച്ച് തന്നെയാണ് നേടേണ്ടത്. ഞാൻ പിഎസ്‌ജിയുമായി കരാറുള്ള താരമാണ്, അതുകൊണ്ടു ഇവിടെ വെച്ച് തന്നെ.” എംബാപ്പെ ഫ്രാൻസ് 3യോട് പറഞ്ഞു.
Kylian Mbappe insists his future is with Paris Saint-Germain despite continued speculation linking him with a move to Real Madrid https://t.co/3YBCT2vSKn
— MailOnline Sport (@MailSport) April 13, 2023
പിഎസ്‌ജിയുടെ സീസൺ ടിക്കറ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ വീഡിയോയുമായി ബന്ധപ്പെട്ട് ക്ലബിനെതിരെ പരസ്യമായി പ്രതികരിച്ച് എംബാപ്പെ രംഗത്തു വന്നിരുന്നു. ഇതോടെ താരം വരുന്ന സമ്മറിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഫ്രഞ്ച് താരം പിഎസ്‌ജിക്കൊപ്പം തന്നെ തുടരുമെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്.