പിഎസ്‌ജി കരാറിലെ ഉടമ്പടി, ഫ്രീ ഏജന്റായി എംബാപ്പയെ റയൽ മാഡ്രിഡിന് സ്വന്തമാക്കാം
പിഎസ്‌ജി താരമായിരിക്കുമ്പോൾ തന്നെ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തന്റെ ആഗ്രഹം നിരവധി തവണ വെളിപ്പെടുത്തിയ താരമാണ് കിലിയൻ എംബാപ്പെ. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും ഒടുവിൽ പിഎസ്‌ജിയുമായി കരാർ പുതുക്കുകയാണ് ചെയ്‌തത്. ഇതോടെ യൂറോപ്പിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി എംബാപ്പെ മാറുകയും ചെയ്‌തു.
താരം തങ്ങളുടെ തട്ടകത്തിലേക്ക് എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന സമയത്ത് പിഎസ്‌ജിയുമായി കരാർ പുതുക്കിയത് റയൽ മാഡ്രിഡിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. ആരാധകരിൽ പലരും താരത്തിനെതിരെ തിരിയുകയും ചെയ്‌തു. എന്നാൽ അതുകൊണ്ടൊന്നും എംബാപ്പെ റയൽ മാഡ്രിഡിൽ എത്താതിരിക്കില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രീ ഏജന്റായി തന്നെ താരം റയൽ മാഡ്രിഡിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പിഎസ്‌ജിയുമായി ഒരുപാട് ഉപാധികൾ വെച്ചാണ് എംബാപ്പെ കരാർ പുതുക്കിയതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിലെ ഒരു ഉടമ്പടി പ്രകാരം കരാർ അവസാനിക്കുന്നതിന് ഒരു വർഷം മുൻപ്, അതായത് 2024ൽ തന്റെ കരാർ തന്നെ റദ്ദ് ചെയ്യാൻ എംബാപ്പെക്ക് അവസരമുണ്ട്. അങ്ങിനെ താരം കരാർ റദ്ദാക്കിയാൽ താരത്തെ ഫ്രീ ഏജന്റായി ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന് കഴിയും. റയൽ മാഡ്രിഡിനെയല്ലാതെ എംബാപ്പെ മറ്റൊരു ക്ലബ്ബിനെ പരിഗണിക്കാനും സാധ്യതയില്ല.
🚨Kylian Mbappé wants to leave PSG to join Real Madrid, and would be able to do so for free in 2024 if he does not activate the option year present in his contract.
— 4Football TV (@4footballtv) February 11, 2023
[ The Athletic] pic.twitter.com/EonvsUCkdH
ഒരിക്കൽ തങ്ങളെ അപ്രതീക്ഷിതമായി തഴഞ്ഞെങ്കിലും എംബാപ്പെയെ വീണ്ടും സ്വന്തമാക്കാനുള്ള അവസരം റയൽ മാഡ്രിഡ് വേണ്ടെന്നു വെക്കാൻ സാധ്യത കുറവാണ്. മോശം ഫോമിലായിട്ടും ജനുവരി ജാലകത്തിൽ ഒരു താരത്തെ പോലും റയൽ മാഡ്രിഡ് സ്വന്തമാക്കാനിരുന്നത് വരുന്ന സീസണുകളിൽ വമ്പൻ സൈനിംഗുകൾ ലക്ഷ്യമിട്ടാണെന്നാണ് റിപ്പോർട്ടുകൾ. അങ്ങിനെയാണെങ്കിൽ അതിലൊരു സൈനിങ് എംബാപ്പെ തന്നെയാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.