ബാഴ്‌സലോണ യൂറോപ്പ് വിടുകയാണെങ്കിൽ തടയാൻ നിൽക്കില്ലെന്ന് ലാ ലിഗ പ്രസിഡന്റ്

സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് കൂടുതൽ തിരിച്ചടി നൽകിയാണ് നെഗ്രയ്‌ര കേസ് വന്നത്. റഫറിമാരുടെ ഫെഡറേഷന് കഴിഞ്ഞ മാനേജ്‌മെന്റിന്റെ കാലത്ത് പലപ്പോഴായി പണം നൽകിയെന്ന ആരോപണമാണ് ഇതിൽ പ്രധാനമായും ഉയർന്നത്. ബാഴ്‌സലോണ റഫറിമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കാര്യത്തിൽ തെളിവൊന്നും ഇതുവരെയില്ലെങ്കിലും അന്വേഷണം നടക്കുന്നുണ്ട്.

യുവേഫയും ഈ ആരോപണത്തിൽ ബാഴ്‌സലോണക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ അന്വേഷണത്തിൽ ബാഴ്‌സലോണ തെറ്റുകാരാണെന്ന് കണ്ടെത്തിയാൽ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണ കളിച്ചേക്കില്ല. സൂപ്പർലീഗിന്റെ ഭാഗമായി ബാഴ്‌സലോണ നിൽക്കുന്നതിന്റെ പ്രതികാരനടപടിയായിക്കൂടി ഇത് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ബാഴ്‌സലോണ സമ്മർദ്ദത്തിൽ തന്നെയാണ്.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്‌സലോണ പുറത്താക്കപ്പെടുകയാണെങ്കിൽ അവർ മറ്റു ഭൂഖണ്ഡങ്ങളിലെ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ കളിക്കാൻ കഴിയുമോയെന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. അങ്ങിനെ ബാഴ്‌സലോണ യൂറോപ്പ് വിട്ട് മറ്റൊരു ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ പോവുകയാണെങ്കിൽ അതിൽ ഇടപെടാൻ പോകില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ടെബാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്‌തു.

“അവരാണ് അതിൽ തീരുമാനം എടുക്കേണ്ടത്. അവർക്ക് വരുമാനം ഉണ്ടാക്കാനും നഷ്‌ടങ്ങൾ നികത്താനുമാണ് ഇത് ചെയ്യുന്നതെങ്കിൽ എനിക്കതിൽ കുഴപ്പമൊന്നുമില്ല. മറ്റൊരു ചാമ്പ്യൻസ് ലീഗിനെ കുറിച്ചാണ് ഞാനിതു പറയുന്നത്. നിയമപരമായി മറ്റൊരു രാജ്യത്തെ ലീഗിൽ കളിക്കാൻ അവർക്ക് കഴിയില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.” ടെബാസ് കഴിഞ്ഞ ദിവസം പറഞ്ഞു.

നിലവിൽ ബാഴ്‌സലോണ യുവേഫയുടെ അന്വേഷണത്തിന്റെ ഫലം കാത്തിരിക്കുകയാണ്. അതിൽ കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്ന് തെളിഞ്ഞാൽ ബാഴ്‌സലോണ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലുണ്ടാകും, അതല്ലെങ്കിൽ ബാഴ്‌സക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം കേസന്വേഷണത്തിന്റെ ഗതി ബാഴ്‌സയ്ക്ക് അനുകൂലമാണ്.

Rate this post