ഇറ്റലിയിൽ ഇന്റർമിലാനെ മുന്നോട്ടു നയിക്കുന്നതാരം ലൗതാരോ മാർട്ടിനസാണ്- അർജന്റീന താരത്തിന് പ്രശംസ

ഖത്തർ ലോകകപ്പിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ഇന്റർ മിലാനിലെത്തി മിന്നുന്ന പ്രകടനമാണ് അർജന്റീന താരമായ ലൗടാരോ മാർട്ടിനസ് നടത്തുന്നത്. ലോകകപ്പിനു ശേഷം നടന്ന ഏഴു മത്സരങ്ങളിൽ ഇന്റർ മിലാനായി ആറു ഗോളുകൾ നേടി മിന്നുന്ന ഫോമിലാണ് ലൗറ്റാറോ. കഴിഞ്ഞ മത്സരത്തിൽ ഇന്ററിനു വിജയം നേടിക്കൊടുത്ത രണ്ടു ഗോളുകളും താരമാണ് നേടിയത്.

ചെൽസിയിൽ നിന്നും ലോൺ കരാറിൽ ഇന്റർ മിലാനിലെത്തിയ റൊമേലു ലുക്കാക്കു ടീമിനായി മോശം പ്രകടനം തുടരുമ്പോൾ ലൗടാരോ മാർട്ടിനസിന്റെ മിന്നുന്ന ഫോം ഇന്റർ മിലാണ് വലിയ ആശ്വാസമാണ്. കഴിഞ്ഞ ദിവസം താരത്തെ പ്രശംസിച്ച് ഇന്റർ മിലൻറെ മുൻ ഗോൾകീപ്പറായ ടോമാസോ ബെർണി രംഗത്തു വന്നു. ഇന്റർ മിലാനെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു തന്നെ ലൗടാരോയാണെന്നാണ് അദ്ദേഹം പറയുന്നത്.

“മികച്ച താരമാണവൻ, ലൗടാരോ കുറച്ചു ഗോളുകൾ നേടിയിരുന്ന സമയത്തും ഞാൻ വിമർശനങ്ങൾ നടത്തിയിരുന്നില്ല. ട്രെയിനിങ്ങിലും കളിക്കളത്തിലും എല്ലാം നൽകുന്ന കളിക്കാരനാണ് ലൗടാരോ. പന്തിനു വേണ്ടി എല്ലാ സമയത്തും പോരാടിക്കൊണ്ടിരിക്കുന്ന താരം അധികം ഗോളുകൾ നേടിയില്ലെങ്കിൽ പോലും ടീമിന് വളരെ നിർണായക സ്വാധീനം ചെലുത്തുന്ന താരമാണ്.”

“താരം കൂടുതൽ കൂടുതൽ ലീഡറായി മാറിക്കൊണ്ടിരിക്കുന്നു, മുൻപും അങ്ങിനെ തന്നെയായിരുന്നു. യഥാർത്ഥ മനോഭാവമുണ്ടെങ്കിലേ ഒരു ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുകയുള്ളൂ. ഈ ജേഴ്‌സിയോടുള്ള അടുപ്പമാണ് എല്ലാറ്റിനും മാതൃകയാകുന്നത്‌. ലൗടാറോയാണ് ടീമിനെ മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകം. താരം ഇന്ററിൽ ഒരുപാട് വർഷങ്ങൾ തുടരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.” ബെർണി പറഞ്ഞു.

ലോകകപ്പിൽ അർജന്റീനയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന താരം മോശം പ്രകടനം നടത്തിയതിനെ തുടർന്ന് പിന്നീട് പകരക്കാരനായി മാറിയിരുന്നു. ഓസ്‌ട്രേലിയക്കും ഫ്രാൻസിനുമെതിരെ നിർണായക അവസരങ്ങൾ പാഴാക്കിയതിന്റെ പേരിൽ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം കളത്തിലുണ്ടായിരുന്ന സമയത്ത് അർജന്റീനയുടെ ആക്രമണങ്ങൾക്ക് തീവ്രത കൂടുതലായിരുന്നുവെന്നതിൽ സംശയമില്ല.

Rate this post