ലീഡ്‌സിന് കരുത്തേകാൻ ബ്രസീലിയൻ സ്‌ട്രൈക്കർ എത്തുന്നു, ബിയൽസ രണ്ടും കൽപ്പിച്ചു തന്നെ.

ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനകയറ്റം കിട്ടിയ ലീഡ്‌സ് യുണൈറ്റഡ് ആരാധകരെ ത്രസിപ്പിക്കുകയാണ്. മികച്ച പ്രകടനം നടത്തി ആരാധകരെ കയ്യിലെടുക്കാൻ ലീഡ്‌സ് യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ മത്സരത്തിൽ ലിവർപൂളിനെ വിറപ്പിച്ച അവർ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയം കൊയ്യുകയായിരുന്നു.

ഒടുവിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ തളക്കാനും ലീഡ്‌സിന് കഴിഞ്ഞു. ഇതിന് പിന്നിൽ എല്ലാം തന്നെ അർജന്റൈൻ പരിശീലകൻ ബിയൽസയുടെ തന്ത്രങ്ങൾ ആണ് എന്നുള്ളത് വ്യക്തമാണ്. എന്നാൽ തന്റെ സ്ക്വാഡിന്റെ കരുത്ത് വർധിപ്പിക്കാൻ തന്നെയാണ് ബിയൽസയുടെ തീരുമാനം. ഫ്രഞ്ച് ലീഗിൽ കളിക്കുന്ന ബ്രസീലിയൻ സ്‌ട്രൈക്കറെയാണ് ബിയൽസ ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത്. റെന്നസിന്റെ യുവതാരം റഫിഞ്ഞയെയാണ് ലീഡ്‌സ് യുണൈറ്റഡ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്.

എന്നാൽ ഉടൻ തന്നെ ലീഡ്‌സ് ഓഫർ മുന്നോട്ട് വെക്കാനും മറന്നില്ല. ഇരുപത്തിയൊന്ന് മില്യൺ ആയിരുന്നു താരത്തിന് വേണ്ടി ആദ്യത്തെ ഓഫർ. എന്നാൽ പിന്നീട് 23 മില്യൺ യൂറോയുടെ ഓഫർ ലീഡ്‌സ് സമർപ്പിച്ചു. ഇത് റെന്നസ് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഈ ബ്രസീലിയൻ താരം നാല് വർഷത്തെ കരാറിൽ ഒപ്പുവെക്കുമെന്നാണ് പ്രമുഖമാധ്യമമായ ടിവൈസി സ്പോർട്സ് റിപ്പോർട്ട്‌ ചെയ്യുന്നത്. വ്യക്തിപരമായ നിബന്ധനകൾ ഒക്കെ തന്നെയും താരം അംഗീകരിച്ചിട്ടുണ്ടെന്നും റഫിഞ്ഞ ഉടൻ തന്നെ ലീഡ്‌സിൽ എത്തുമെന്നാണ് ഇവരുടെ വാദം.

ഇരുപത്തിമൂന്നുകാരനായ താരം നിലവിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ്ങിൽ നിന്നായിരുന്നു താരം റെന്നസിൽ എത്തിയത്. റെന്നസിലും തിളങ്ങാൻ കഴിഞ്ഞതോടെയാണ് ബിയൽസയുടെ കണ്ണ് താരത്തിന് മേൽ പതിഞ്ഞത്. താരവും കൂടി എത്തിയാൽ ലീഡ്‌സ് മുന്നേറ്റം ശക്തിപ്പെടും എന്നാണ് ആരാധകർ കരുതുന്നത്.

Rate this post