ഇനിയുമിത് സഹിക്കാൻ കഴിയില്ല, കടുത്ത തീരുമാനവുമായി ലയണൽ മെസി |Lionel Messi

ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയതിന്റെ നിരാശയിലുള്ള പാരീസിലെ ആരാധകർ ലയണൽ മെസിക്കെതിരെ പ്രതിഷേധം തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തായതിനു പിന്നാലെ നടന്ന മത്സരങ്ങളിൽ ആരാധകർ കൂക്കി വിളിച്ചപ്പോൾ അതിനു കളിക്കളത്തിലെ മികച്ച പ്രകടനം കൊണ്ടാണ് മെസി മറുപടി നൽകിയത്.

എന്നാൽ മെസിയുടെ സൗദി സന്ദർശനം വീണ്ടും എല്ലാം തകിടം മറിച്ചു. അനുവാദം വാങ്ങിയാണ് സൗദിയിലേക്ക് പോയതെങ്കിലും അതിനു പിന്നാലെ പദ്ധതികളിൽ മാറ്റം വരുത്തി ട്രെയിനിങ് സെഷൻ തീരുമാനിച്ച പിഎസ്‌ജി അതിൽ പങ്കെടുക്കാത്തതിനെ തുടർന്ന് മെസിക്കെതിരെ നടപടിയെടുത്തു. ഇതോടെ ആരാധകരുടെ പ്രതിഷേധം കൂടുതലാവുകയും മെസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

തന്റെ കഴിവിന്റെ പരമാവധി പിഎസ്‌ജിക്ക് നൽകിയിട്ടും ആരാധകരും ക്ലബും തനിക്കെതിരെ നീങ്ങുന്നതിൽ അസ്വസ്ഥനായ ലയണൽ മെസി കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനി പിഎസ്‌ജിക്ക് വേണ്ടി കളിക്കുന്നില്ലെന്ന് തീരുമാനിച്ച താരം കരാർ അവസാനിക്കാൻ കുറച്ച് സമയം മാത്രം ബാക്കി നിൽക്കെ അത് റദ്ദാക്കാൻ ഒരുങ്ങുകയാണ്.

സസ്‌പെൻഷൻ കഴിഞ്ഞാൽ പിഎസ്‌ജിക്ക് വേണ്ടി ഏതാനും മത്സരങ്ങളിൽ അർജന്റീന താരത്തിന് കളിക്കേണ്ടി വരും. എന്നാൽ തന്നെ അധിക്ഷേപിക്കാൻ വേണ്ടി മാത്രം തക്കം പാർത്തിരിക്കുന്ന ആരാധകർക്കു മുന്നിൽ, തനിക്കെതിരെ നടപടിയെടുത്ത ക്ലബിനു വേണ്ടി കളിക്കാൻ ലയണൽ മെസി താൽപര്യപ്പെടുന്നില്ല. അതുകൊണ്ടു പത്ത് ദിവസത്തിനുള്ളിൽ കരാർ റദ്ദാക്കുന്നതിൽ മെസി അവസാന തീരുമാനമെടുക്കാൻ ഒരുങ്ങുകയാണ്.

കരാർ സ്വയം റദ്ദ് ചെയ്യുമ്പോൾ ലയണൽ മെസിക്ക് നഷ്‌ടപരിഹാരം അടക്കമുള്ള സാമ്പത്തിക നഷ്‌ടം വരുമെന്നുറപ്പാണ്. എന്നാൽ അതേക്കുറിച്ച് മെസിയിപ്പോൾ ചിന്തിക്കുന്നില്ല. താൻ ആത്മാർഥത കാണിച്ചിട്ടും തന്നെ അപമാനിക്കാൻ മാത്രം ആഗ്രഹിക്കുന്ന ക്ലബ്ബിലേക്ക് ഇനിയൊരിക്കലും മടങ്ങി പോകേണ്ടതില്ല എന്ന തീരുമാനമാണ് ലയണൽ മെസി എടുത്തിരിക്കുന്നത്.

Rate this post