“ബാഴ്‌സയിൽ നിന്നും അതിലേക്കുള്ള പാത ചെറുതാണ്”- തന്റെ ലക്‌ഷ്യം വെളിപ്പെടുത്തി റോബർട്ട് ലെവൻഡോസ്‌കി

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഒട്ടനവധി സങ്കീർണതകളെ അഭിമുഖീകരിച്ചാണ് പോളിഷ് താരമായ റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. ബയേൺ മ്യൂണിക്കിന് തങ്ങളുടെ ഏറ്റവും മികച്ച താരത്തെ വിട്ടുകൊടുക്കാൻ താൽപര്യമില്ലായിരുന്നെങ്കിലും ബാഴ്‌സലോണയിലേക്ക് ചേക്കേറണമെന്ന ഉറച്ച നിലപാട് ലെവൻഡോസ്‌കി സ്വീകരിച്ചതോടെ അവർക്കു വേറെ വഴിയില്ലാതെ വന്നു. ഇതേത്തുടർന്നാണ് ഒരു വർഷം മാത്രം കരാർ ബാക്കിയുണ്ടായിരുന്ന താരത്തെ അമ്പതു മില്യൺ യൂറോയോളം നൽകി ബാഴ്‌സലോണ സ്വന്തമാക്കിയത്.

ബാഴ്‌സലോണയിലെത്തിയ ലെവൻഡോസ്‌കി മികച്ച പ്രകടനമാണ് സീസണിൽ നടത്തുന്നത്. വളരെ പെട്ടന്നു തന്നെ ടീമുമായി ഒത്തിണക്കം കാണിച്ചു തുടങ്ങിയ താരം ബാഴ്‌സലോണയെ മുന്നിൽ നിന്നു നയിച്ചു കൊണ്ടിരിക്കുകയാണ്. സീസണിൽ എട്ടു മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകളാണ് റോബർട്ട് ലെവൻഡോസ്‌കി ഇതുവരെ നേടിയിരിക്കുന്നത്. ലാ ലിഗയിൽ ടോപ് സ്കോററായ താരം ഈ സീസണിൽ പിച്ചിച്ചി നേടാനുള്ള സാധ്യത ഉണ്ടെന്നതിനു പുറമെ ചാമ്പ്യൻസ് ലീഗിലും നിലവിലെ ടോപ് സ്കോററാണ്.

താൻ ബാഴ്‌സലോണയിലേക്ക് എത്തിയതിനു പിന്നിൽ ബാലൺ ഡി ഓർ സ്വന്തമാക്കുക എന്ന പദ്ധതിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം റോബർട്ട് ലെവൻഡോസ്‌കി പറഞ്ഞത്. ബാഴ്‌സയിൽ നിന്നും ബാലൺ ഡി ഓർ പുരസ്‌കാരത്തിലേക്കുള്ള ദൂരം വളരെ കുറവാണെന്നും താരം പറഞ്ഞു. ഒരിക്കൽ കോവിഡ് മൂലം ബാലൺ ഡി ഓർ പുരസ്‌കാരം ഒഴിവാക്കിയതിനാൽ മാത്രം അതു നേടാൻ കഴിയാതെ പോയ താരമാണ് ലെവൻഡോസ്‌കി. കഴിഞ്ഞ വർഷം ലയണൽ മെസിയാണ് ബാലൺ ഡി ഓർ നേടിയതെങ്കിലും അതർഹിച്ചിരുന്നത് ലെവൻഡോസ്‌കിയാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

“ബാഴ്‌സലോണ ആരാധകർ ഇത്ര വേഗത്തിൽ ക്യാമ്പ് നൂവിൽ എനിക്കു വേണ്ടി ചാന്റുകൾ ആലപിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ ഒരുപാട് കാലമായി ഇവിടെ ഉണ്ടായിരുന്നതു പോലെയാണ് എനിക്കപ്പോൾ തോന്നുന്നത്. കൂടുതൽ താരങ്ങൾ ബാലൺ ഡി ഓർ നേടിയ ടീമാണ് ബാഴ്‌സലോണ. ബയേണിനെക്കാൾ ബാഴ്‌സയിൽ നിന്നും അതിലേക്കുള്ള ദൂരം കുറവാണ്.” റോബർട്ട് ലെവൻഡോസ്‌കി കഴിഞ്ഞ ദിവസം പറഞ്ഞു.

ഈ സീസണിൽ ബാഴ്‌സലോണക്കൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം നേടാൻ കഴിഞ്ഞാൽ അടുത്ത വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം റോബർട്ട് ലെവൻഡോസ്‌കിക്കു നേടാൻ കഴിയും. സീസണിൽ ബാഴ്‌സലോണ മികച്ച ഫോമിലാണെന്നത് അവർക്കു പ്രതീക്ഷ നൽകുന്നു. അതേസമയം ഈ വർഷത്തെ ബാലൺ ഡി ഓർ റയൽ മാഡ്രിഡ് താരമായ കരിം ബെൻസിമ തന്നെ നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.