❝സിറ്റിയെ കീഴടക്കി ലെസ്റ്ററിനു കിരീടം ; വിജയത്തോടെ സീസണിന് തകർപ്പൻ തുടക്കം കുറിച്ച് പിഎസ്ജി ❞

ഇംഗ്ലീഷ് ഫുട്ബോളിലെ പുതിയ സീസൺ കിരീടവുമായി ആരംഭിച്ചിരിക്കുകയാണ് ലെസ്റ്റർ സിറ്റി. ഇന്നലെ വെംബ്ലിയിൽ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ഷീൽഡ് സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ കളി അവസാനിക്കാൻ രണ്ടു മിനുട്ട് മാത്രം ബാക്കിയിരിക്കെ പിറന്ന പെനാൾട്ടിയാണ് കളിയുടെ വിധി എഴുതിയത്.ഒപ്പത്തിനൊപ്പം ഇരു ടീമും നിൽക്കുന്ന മത്സരമാണ് വെംബ്ലിയിൽ കണ്ടത്.ഒരുടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതിയിൽ സിറ്റിക്ക് ലഭിച്ച ഒരു ഫ്രീകിക്ക് ഗുണ്ടോഗൻ എടുത്തപ്പോൾ കാസ്പർ ഷീമൈക്കളിന്റെ ഒരു ഡൈവിംഗ് സേവ് വേണ്ടി വന്നു ലെസ്റ്ററിനെ രക്ഷിക്കാൻ.

ആദ്യ പകുതിയുടെ അവസാനം വാർഡിയുടെ ഒരു ഷോട്ട് സിറ്റിയുടെ പോസ്റ്റിൽ തട്ടിയും മടങ്ങി. രണ്ടാം പകുതിയിലെ മികച്ച അവസരം ലഭിച്ചത് മെഹ്റസിനായിരുന്നു. മൈതാന മധ്യത്തിൽ നിന്ന് ഒറ്റയ്ക്ക് പന്ത് കിട്ടിയിട്ടും അത് ഗോളാക്കി മാറ്റാൻ മെഹ്റസിനായില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ നേതൻ അകെയുടെ ഒരു ഫൗൾ ആണ് പെനാൾട്ടിയിൽ കലാശിച്ചത്. പെനാൾട്ടി വിജയിച്ച ഇഹെനാചോ തന്നെ പെനാൾട്ടി എടുത്ത് ലെസ്റ്ററിനെ മുന്നിൽ എത്തിച്ചു. അമ്പതു വർഷത്തിനു ശേഷമാണ് ലെസ്റ്റർ സിറ്റി ഒരു കമ്മ്യൂണിറ്റി ഷീൽഡ് കിരീടം നേടുന്നത്.

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് വിജയ തുടക്കം. പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ട്രോയ്സിനെ നേരിട്ട പി എസ് ജി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു പി എസ് ജിയുടെ വിജയം. പുതിയ സൈനിംഗുകളായ റാമോസ്, ഡൊണ്ണരുമ്മ, വൈനാൾഡം എന്നിവർ ഒന്നും ഇന്നലെ പി എസ് ജി നിരയിൽ ഉണ്ടായിരുന്നില്ല. നെയ്മറും കളിച്ചിരുന്നില്ല. ഒമ്പതാം മിനുട്ടിൽ എൽ ഹജ്ജാം ആണ് ട്രോയിസിന് ലീഡ് നൽകിയത്.

എന്നാൽ ആതിഥേയരുടെ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. പെട്ടെന്ന് തന്നെ രണ്ടു ഗോളുകൾ തിരിച്ചടിച്ചു കൊണ്ട് പി എസ് ജി കളി തങ്ങളുടേതാക്കി മാറ്റി. ആദ്യ 19ആം മിനുട്ടിൽ പുതിയ താരം ഹകീമിയുടെ ഒരു ബുള്ളറ്റ് സ്ട്രൈക്കിലൂടെ പി എസ് ജി സമനില നേടി. രണ്ടു മിനുട്ടിനകം ഇക്കാർഡിയുടെ ഗോൾ പി എസ് ജിക്ക് ലീഡും നൽകി. എമ്പപ്പെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ.

Rate this post