❝അവസാനം ചെൽസിക്കും ഒരു സൂപ്പർ സ്‌ട്രൈക്കറെ കിട്ടി❞

പുതിയ സീസണിലേക്കായി ലോകോത്തര നിലവാരമുള്ള ഒരു ഗോൾ സ്കോറർക്ക് വേണ്ടിയുള്ള തിരച്ചിലിന് അവസാനം ചെൽസിക്ക് യോജിച്ച താരത്തെ കിട്ടിയിരിക്കുകയാണ്‌.കഴിഞ്ഞ സീസണിൽ വലിയ വില കൊടുത്ത് ജർമൻ താരം ടിമോ വെർണറെ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിൽ ഉയരാൻ സാധിച്ചില്ല. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയെങ്കിലും ഒരു സ്‌ട്രൈക്കരുടെ അഭാവം ചെൽസി നിരയിൽ സീസൺ ഉടനീളം മുഴച്ചു നിന്നിരുന്നു. ഇതിനൊരു പരിഹാരമായാണ് ഇന്റർ മിലാനിൽ നിന്നും സൂപ്പർ സ്‌ട്രൈക്കർ റൊമേലു ലുകാകുവിനെ ചെൽസി സ്വന്തമാക്കിയിരിക്കുന്നത്.

ക്ലബ് റെക്കോർഡ് തുകയായ 97.5മില്യൺ പൗണ്ട് നൽകിയാണ് ലുകാകുവിനെ ചെൽസി ടീമിൽ എത്തിച്ചത്. താരം ക്ലബ്ബിൽ 5 വർഷത്തെ കരാറിലാവും ഏർപ്പെടുക. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബയേർ ലെവർകൂസൻ താരം കായ് ഹാവെർട്സിനെ സ്വന്തമാക്കാൻ ചെൽസി ചിലവഴിച്ച 75.8 മില്യൺ പൗണ്ട് ആയിരുന്നു ഇതുവരെ ചെൽസി ഒരു താരത്തിന് വേണ്ടി ചിലവഴിച്ച ഏറ്റവും ഉയർന്ന തുക.

നേരത്തെ 2014ലാണ് 15 മത്സരങ്ങൾ മാത്രം കളിച്ച് ലുകാകു ചെൽസിയിൽ നിന്ന് എവർട്ടണിലേക്ക് പോയത്. തുടർന്ന് ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. തുടർന്നാണ് സെരി എ ക്ലബായ ഇന്റർ മിലാനിൽ താരം എത്തുന്നത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാൻ സെരി എ കിരീടം നേടിയപ്പോൾ 24 ഗോളുകളുമായി ലുകാകു മികച്ച ഫോമിലായിരുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലൂടെയാണ് താരം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ആൻഡർലെക്റ്റിനൊപ്പം ബെൽജിയത്തിൽ കരിയർ ആരംഭിച്ച ലുകാകു 2011 ൽ ചെൽസിയുടെ ആദ്യമായി ഇംഗ്ലണ്ടിലെത്തി. ചെൽസിയിൽ അവസരങ്ങൾ ലഭിക്കായതോടെ വെസ്റ്റ് ബ്രോമിലേക്കും തുടർന്ന് എവെർട്ടനിലേക്കും ലോണിൽ പോയി. എവെർട്ടണിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.ആദ്യ സീസണിൽ പ്രീമിയർ ലീഗിൽ ഗോളുകൾ നേടിയ സ്‌ട്രൈക്കറെ അടുത്ത സീസണിൽ എവെർട്ടൻ സൈൻ ചെയ്തു. 2017 വരെ എവെർട്ടണിൽ തുടർന്ന താരം അവർക്കായി 166 മത്സരങ്ങളിൽ നിന്നും 87 ഗോളുകൾ നേടി. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി രണ്ടു സീസണിൽ ബൂട്ട് കെട്ടിയ ബെൽജിയൻ അവർക്കായി 42 ഗോളുകളും നേടിയിട്ടുണ്ട്.