❝അർജന്റീന ടീമിൽ നിലവിൽ സമ്മർദ്ദങ്ങൾ തോളിലേറ്റുന്നത് ലയണൽ മെസ്സിയും ഡിമരിയയും❞

വരുന്ന ഖത്തർ വേൾഡ് കപ്പിന് എല്ലാ രീതിയിലും അർജന്റീന ഒരുക്കങ്ങൾ നടത്തുന്നുണ്ട്. പ്രിലിമിനറി സ്‌ക്വാഡ് ഫിഫക്ക് സമർപ്പിച്ചു കഴിഞ്ഞു.എല്ലാ താരങ്ങളും ഏറ്റവും മികച്ച രൂപത്തിൽ ഖത്തറിൽ എത്താനാണ് ശ്രമിക്കുന്നത്. എന്നാൽ പരിക്കുകൾ ഒരല്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

അർജന്റീന ദേശീയ ടീമിന്റെ ഫിസിക്കൽ ട്രെയിനറായ ലൂയിസ് മാർട്ടിൻ ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ എന്നിവരെക്കുറിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.അതായത് ആരാധകരെയും കുടുംബത്തെയും സുഹൃത്തുക്കളെയും സന്തോഷിപ്പിക്കാൻ വേണ്ടി അർജന്റീനയിലെ സമ്മർദ്ദം തോളിലേറ്റുന്നത് മെസ്സിയും ഡി മരിയയുമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

‘ എന്താണ് അർജന്റീനക്ക് വേണ്ടി താൻ ചെയ്യേണ്ടത് എന്നുള്ളത് മെസ്സിക്ക് അറിയാം. ടീമിനകത്ത് വളരെ ശാന്തമായ അന്തരീക്ഷം താൻ ഉണ്ടാക്കണമെന്നുള്ള കാര്യം മെസ്സി മനസ്സിലാക്കിയിട്ടുണ്ട്. മെസ്സിയും ഡി മരിയയും വളരെയധികം മത്സര ബുദ്ധിയുള്ള താരങ്ങളാണ്.അവർ പ്രതികാരം ഒന്നും ആഗ്രഹിക്കുന്നില്ല. മറിച്ച് ആരാധകർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷം നൽകാൻ വേണ്ടി ടീമിലെ സമ്മർദ്ദം തോളിൽ ഏറ്റുന്നത് ഇവർ രണ്ടുപേരുമാണ് ‘ മാർട്ടിൻ പറഞ്ഞു.

കൂടാതെ അർജന്റീന താരങ്ങളുടെ ശാരീരിക ക്ഷമതയെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.താരങ്ങളുടെ ശാരീരിക സ്ഥിതികൾ തങ്ങൾ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഡിബാല വേൾഡ് കപ്പിന് ഉണ്ടാവും എന്നുള്ള പ്രതീക്ഷയും ഇദ്ദേഹം പങ്കുവെച്ചു.

‘ ക്ലബ്ബുകളിൽ കളിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ താരങ്ങളുടെ കാര്യത്തിൽ ഞങ്ങൾ ജാഗരൂകരാണ്. അവരുടെ ശാരീരിക സ്ഥിതിയെക്കുറിച്ച് ഞങ്ങൾ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഡിബാല ഉണ്ടാവുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ‘ ഫിസിക്കൽ ട്രെയിനർ പറഞ്ഞു.

ഡി മരിയ ഉൾപ്പെടെയുള്ള പല അർജന്റീന താരങ്ങളും ഇപ്പോൾ പരിക്കിന്റെ പിടിയിലാണെങ്കിലും ഡിബാലയുടെ കാര്യത്തിൽ മാത്രമാണ് ഒരല്പം ആശങ്കയുള്ളത്. എന്നാൽ അദ്ദേഹം വേൾഡ് കപ്പിന് വേണ്ടി എത്താൻ കഠിനമായി പരിശ്രമങ്ങൾ ചെയ്യുന്നുണ്ട് എന്നുള്ള കാര്യം മീഡിയാസ് കണ്ടെത്തിയിരുന്നു.

Rate this post