സമ്മർ ട്രാൻസ്‌ഫർ ബിസിനസ് ടീമിനെ ദുർബലമാക്കി, പിഎസ്‌ജിയിൽ നിരവധി താരങ്ങൾ അതൃപ്‌തർ

വമ്പൻ താരങ്ങൾ നിരവധി വന്നെങ്കിലും ഇതുവരെയും ഒത്തൊരുമയുള്ള ഒരു ടീമായി പിഎസ്‌ജി മാറിയിട്ടില്ല. ടീമിലെ താരങ്ങൾ തമ്മിൽ ഒത്തിണക്കമില്ലാത്തത് കളിക്കളത്തിലെ അവരുടെ പ്രകടനത്തെ വളരെയധികം ബാധിക്കുന്നുമുണ്ട്. ഫ്രഞ്ച് ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ പന്ത്രണ്ടു വർഷത്തിൽ ടീമിലെ ഏറ്റവും മോശം ഫോമിലാണ് പിഎസ്‌ജി. ഇത് ടീമിലെ സ്ഥിതി സങ്കീർണമാക്കുന്നുണ്ട്.

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ നടന്ന മത്സരത്തിലും തോൽവി വഴങ്ങിയതോടെ യൂറോപ്യൻ കിരീടം ഇത്തവണ നേടാൻ കഴിയുമെന്ന പിഎസ്‌ജിയുടെ മോഹങ്ങളിൽ കരിനിഴൽ വീണിട്ടുണ്ട്. രണ്ടാം പാദത്തിൽ അതിനെ മറികടക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും നിലവിലെ ടീമിന്റെ ഫോം ആശങ്ക നൽകുന്നതാണ്. ഓരോ ദിവസം കഴിയുന്തോറും അതിൽ കൂടുതൽ സങ്കീർണതകൾ വന്നു കൊണ്ടിരിക്കുന്നു.

അതിനിടയിൽ പിഎസ്‌ജി ടീമിലെ സീനിയർ താരങ്ങൾ ക്ലബിന്റെ അവസാനത്തെ ട്രാൻസ്‌ഫർ ബിസിനസിൽ അതൃപ്‌തരാണെന്നാണ് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെ വെളിപ്പെടുത്തുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീം ഒഴിവാക്കിയ പല താരങ്ങളും ക്ലബിന് വേണ്ടവരായിരുന്നു എന്നാണു ഇവർ കരുതുന്നത്. ,മൊണോക്കോയുമായി നടന്ന മത്സരത്തിന് ശേഷം നെയ്‌മർ സ്പോർട്ടിങ് ഡയറക്റ്ററോട് കയർത്തതും ഇതിന്റെ പേരിലാണ്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ വിറ്റിന്യ, ഫാബിയാൻ റൂയിസ്, കാർലോസ് സോളാർ എന്നിവരുടെ വരവിൽ പല താരങ്ങൾക്കും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സമ്മറിൽ ഒഴിവാക്കിയ അർജന്റീന താരം ലിയാൻഡ്രോ പരഡെസ്, ഇഡ്രിസ ഗുയെയെ, ജൂലിയൻ ഡ്രാക്‌സ്‌ലർ എന്നിവർ ടീമിന് കുറച്ചു കൂടി അനുയോജ്യരായിരുന്നു എന്നാണു സീനിയർ താരങ്ങൾ കരുതുന്നത്.

ഗാൾട്ടിയാർ പരിശീലകനായതിനു ശേഷം നടത്തിയ എല്ലാ ട്രാൻസ്‌ഫറുകളും സീനിയർ താരങ്ങൾ ചോദ്യം ചെയ്യുന്നു. അക്കാദമി താരം കാലിമുണ്ടോയെ റെന്നസിനു നൽകി എകിറ്റിക്കെയെ സീനിയർ ടീമിലേക്ക് എത്തിച്ചതും ഒരു പ്രതിരോധതാരത്തെ സ്വന്തമാക്കാതിരുന്നതുമെല്ലാം ചോദ്യങ്ങൾ ഉയർത്തുന്നു. ഇതെല്ലാം കൊണ്ടു തന്നെയാണ് സ്പോർട്ടിങ് ഡയറക്റ്ററായ ലൂയിസ് കാംപോസിനോട് നെയ്‌മറും മാർക്വിന്യോസും കയർക്കാൻ കാരണമായതും.