❝ഇറ്റലിക്കെതിരെ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച ലയണൽ മെസ്സിയുടെ അസിസ്റ്റ്❞ |Lionel Messi

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അർജന്റീന 3-0 ന് ഇറ്റലിയെ പരാജയപ്പെടുത്തിയപ്പോൾ ലയണൽ മെസ്സിയാണ് മുഴുവനായും നിറഞ്ഞു നിന്നത്. മെസ്സി മത്സരത്തിൽ ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും രണ്ടു അസിസ്റ്റുകൾ നൽകി കളിയുടെ ഭൂരിഭാഗവും മൈതാനത്ത് നിറഞ്ഞു കളിച്ചു.

ലയണൽ മെസ്സിയുടെ പ്ലേ മേക്കിങ് മാസ്റ്റർ ക്ലസ്സിന് ഇറ്റലിയുടെ ഭാഗത്ത് നിന്നും ഒരു മറുപടി പോലും ഉണ്ടായില്ല.അർജന്റീനയ്‌ക്കായി ലൗട്ടാരോ മാർട്ടിനെസ്, എയ്‌ഞ്ചൽ ഡി മരിയ, പൗലോ ഡിബാല എന്നിവർ സ്‌കോർഷീറ്റിൽ ഇടംപിടിച്ചപ്പോൾ അർജന്റീന യൂറോ ജേതാക്കൾക്കെതിരെ സമഗ്രമായ വിജയം രേഖപ്പെടുത്തി.കളിയുടെ 28-ാം മിനിറ്റിലാണ് അത്ഭുതപ്പെടുത്തുന്ന ലയണൽ മെസ്സി അസിസ്റ്റ് പിറന്നത്.അർജന്റീനയെ കളിയിൽ 1-0ന് മുന്നിലെത്തിക്കാൻ അദ്ദേഹത്തിന്റെ മികച്ച അസിസ്റ്റ് സഹായിച്ചു.

ലോ സെൽസോയിൽ നിന്ന് പന്ത് സ്വീകരിച്ച് മെസ്സി ഇറ്റാലിയൻ പ്രതിരോധനിരയെ നിഷ്പ്രഭമാക്കി നടത്തിയ മികച്ച മുന്നേറ്റത്തിന് ശേഷം പന്ത് മാർട്ടിനസിന് തളികയിൽ എന്ന പോലെ നൽകി. പന്ത് ഒന്ന് പോസ്റ്റിലേക്ക് തട്ടി കൊടുക്കുന്ന ജോലി മാത്രമേ മാർട്ടിനസിന് ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇറ്റലിയുടെ പ്രതിരോധത്തെ ഉജ്ജ്വലമായ ട്വിസ്റ്റിലൂടെയാണ് മെസ്സി മറികടന്നത്. ഈയൊരു അസ്സിസ്റ്റിലൂടെ മെസ്സി താൻ എത്ര മികച്ച കളിക്കാരനാണെന്ന് കാണിച്ചുതന്നു.

മാർട്ടിനെസ് അർജന്റീനയ്ക്കായി ഗോൾ നേടിയപ്പോൾ മെസ്സി ഗംഭീരമായി ആഘോഷിച്ചു, അർജന്റീന ക്യാമ്പ് മുഴുവൻ അദ്ദേഹത്തിന് നേരെ ഓടിവന്നു.കളിയുടെ അവസാന നിമിഷങ്ങളിൽ മെസ്സി മറ്റൊരു അസിസ്റ്റ് നൽകിയപ്പോൾ പൗലോ ഡിബാല അവസരം പാഴാക്കിയില്ല.അർജന്റീനയ്ക്ക് അനുകൂലമായ സ്കോർലൈൻ 3-0 ആക്കി.കഴിഞ്ഞ വർഷം ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി യൂറോ കപ്പ് നേടിയ വേദിയിലേക്ക് ഇറ്റലിയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ തിരിച്ചുവരവായി മാറി.