❝എന്നാലും ഗോൾ കീപ്പറെ ഇങ്ങനെ പറ്റിക്കരുത്❞ : 2022 ലെ ഏറ്റവും അനായാസമായ പെനാൽറ്റി ഗോളുമായി നെയ്മർ |Neymar

ക്ലബ് തലത്തിൽ പലപ്പോഴും മോശം പ്രകടനം നടത്തിയാലും ബ്രസീലിന്റെ മഞ്ഞ കുപ്പായത്തിൽ എത്തിയാൽ വേറെ ഒരു നെയ്മറെയാണ് നമുക്ക് കാണാൻ സാധിക്കാറുള്ളത്. എത്ര വലിയ പരിക്കാണെങ്കിലും , മോശ ഫോം ആണെങ്കിലും മഞ്ഞ ജേഴ്സിയിൽ എത്തിയാൽ നെയ്മർ ഇപ്പോഴും ആരാധകരുടെ സുൽത്താനായി മാറും. നെയ്മറുടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ സാധിച്ചതും ആ മഞ്ഞ ജേഴ്സിയിൽ തന്നെയായിരുന്നു.

ഇന്ന് ഏഷ്യൻ ശക്തരായ സൗത്ത് കൊറിയക്ക് എതിരെ നടന്ന മത്സരത്തിലും അത് കാണാൻ സാധിച്ചു. ബ്രസീൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ ഇരട്ട ഗോളോട് കൂടി നെയ്മർ നിറഞ്ഞു കളിച്ചു. പരിശീലനത്തിൽ പരിക്ക് പറ്റിയെങ്കിലും അതിൽ നിന്നെല്ലാം മുകതനയിട്ടാണ് നെയ്മർ ഇന്ന് കൊറിയക്കെതിരെ ഇറങ്ങിയത്. ഇന്ന് നേടിയ ഇരട്ട ഗോളോടെ മഞ്ഞ ജേഴ്സിയിൽ തന്റെ ഗോൾ സമ്പാദ്യം 118 മത്സരങ്ങളിൽ നിന്ന് 73 ആയി ഉയർത്താനും സാധിച്ചു. ഇതിഹാസ താരം പെലെയെക്കാൾ നാല് ഗോളുകൾ മാത്രം കുറവാണു നെയ്മർക്കുള്ളത്.

ഇന്നത്തെ മത്സരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും രസകരവുമായ ഒരു ഗോൾ പെനാൽറ്റി ഗോൾ നെയ്മർ നേടി. മത്സരത്തിന്റെ 57 ആം മിനുട്ടിൽ ലെഫ്റ്റ് ബാക്ക് അലക്സ് സാൻഡ്രോയെ കൊറിയൻ താരം ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോൾ കീപ്പറെ തന്ത്രപരമായ ചലനങ്ങളോടെ കബളിപ്പിച്ച് അനായാസം വലയിലാക്കുന്ന കാഴ്ച കാണാൻ സാധിച്ചു. മത്സരത്തിൽ ഉടനീളം മിന്നുന്ന പ്രകടനം നടത്തിയ കൊറിയൻ കീപ്പർ സീംഗ്-ഗ്യു കിമ്മിന് പന്ത് വലയിലേക്ക് കയറുന്നത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.

സോളിൽ അരങ്ങേറിയ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മഞ്ഞപ്പട കൊറിയയെ തകർത്തുവിട്ടത്. സൂപ്പർ താരം നെയ്മർ ഇരട്ടഗോൾ നേടിയപ്പോൾ, റിച്ചാർലിസൺ, ഫിലിപ്പെ കുട്ടീന്യോ, ഗബ്രിയേൽ ജെസ്യൂസ്‌ എന്നിവരും സ്‌കോർ ചെയ്തു.