ഫ്രഞ്ച് ലീഗും കാൽകീഴിലാക്കി പ്ലെ മേക്കർ ലയണൽ മെസ്സി , ലീഗ് 1 ൽ എതിരാളികളില്ലാതെ പിഎസ്ജി കളിക്കാർ |PSG

പാരീസ് സെന്റ് ജെർമെയ്ൻ ഈ സീസണിൽ ലീഗ് 1-ൽ അപരാജിത കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ പിഎസ്ജി 1-0ന് ലിയോണിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കൂടുതൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു.അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ് മാച്ച് വിന്നിംഗ് ഗോൾ നേടിയത്.

ബ്രസീലിയൻ താരം നെയ്മറിന്റെ അസിസ്റ്റിൽ നിന്നുമാണ് മെസ്സി ഗോൾ കണ്ടെത്തിയത്.ലയണൽ മെസ്സിയും നെയ്മറും ഈ സീസണിൽ മികച്ച ഫോമിലാണ്, ഇരുവരുടെയും മികച്ച ഫോം പിഎസ്ജി യുടെ കുതിപ്പിന് കൂടുതൽ ആക്കം കൂട്ടിയിരിയ്ക്കുകയാണ്.ലിഗ് 1 പ്ലെയർ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ഈ സീസണിൽ മെസ്സിയും നെയ്‌മറും എത്രത്തോളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മനസിലാക്കാം.

എല്ലാ ടീമുകളും എട്ട് മത്സരങ്ങൾ കളിച്ച 2022-2023 ലെ ലീഗ് 1 സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് PSGയുടെ നെയ്മറാണ്. 8 മത്സരങ്ങളിൽ നിന്ന് 8 ഗോളുമായി നെയ്മർ ടോപ് ഗോൾ സ്‌കോററായപ്പോൾ, 8 മത്സരങ്ങളിൽ നിന്ന് 7 ഗോളുമായി കൈലിയൻ എംബാപ്പെ ഈ സീസണിൽ രണ്ടാം ഗോൾ സ്‌കോററാണ്. ലീഗ്-1ൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരങ്ങളുടെ പട്ടിക പരിശോധിച്ചാലും പിഎസ്ജി താരങ്ങൽ തന്നെയാണ് മുന്നിൽ.

8 മത്സരങ്ങളിൽ നിന്ന് 7 അസിസ്റ്റുകളോടെ ലിഗ് 1ൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ ലയണൽ മെസ്സിയും നെയ്മറും ആണ്.ഗോളുകൾക്കും അസിസ്റ്റുകൾക്കും പുറമെ PSG കളിക്കാരുടെ ആധിപത്യം, ലീഗിൽ കാണാൻ സാധിക്കും.പ്രത്യേകിച്ച് ലയണൽ മെസ്സിയുടെ പേര് ഹൈലൈറ്റ് ആയി കാണാം. ഈ സീസണിൽ ലീഗ് വണ്ണിൽ ഏറ്റവും വലിയ അവസരങ്ങൾ സൃഷ്ടിച്ച താരങ്ങളുടെ പട്ടികയിൽ നിലവിൽ ലയണൽ മെസ്സിയാണ് മുന്നിൽ. എട്ട് മത്സരങ്ങളിൽ നിന്ന് 10 വലിയ അവസരങ്ങളാണ് മെസ്സി സൃഷ്ടിച്ചത്.ഏറ്റവും കൂടുതൽ കീ പാസുകൾ നൽകിയ താരങ്ങളുടെ പട്ടിക നോക്കിയാലും ലയണൽ മെസ്സി തന്നെയാണ് മുന്നിൽ.

ഈ സീസണിൽ മെസ്സി ഇതിനകം 22 കീ പാസുകൾ നടത്തി. ഈ ലീഗ് 1 സീസണിൽ ഏറ്റവും കൂടുതൽ ഡ്രിബിളുകൾ നടത്തിയ കളിക്കാരുടെ പട്ടിക നോക്കുകയാണെങ്കിലും 35 കാരൻ തന്നെയാണ് മുന്നിൽ.ഈ സീസണിൽ ഇതുവരെ വിജയകരമായ 30 ഡ്രിബിളുകളാണ് മെസ്സി പൂർത്തിയാക്കിയത്.2015/16 സീസണിന്റെ തുടക്കം മുതൽ ഇതുവരെ 1000 ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഈ കാലയളവിൽ ആരും തന്നെ ഇത്രയും ഡ്രിബിളുകൾ പൂർത്തിയാക്കിയിട്ടില്ല. മാത്രമല്ല രണ്ടാം സ്ഥാനത്തുള്ള താരത്തെക്കാൾ 196 ഡ്രിബിളുകൾക്ക് മുന്നിലാണ് മെസ്സി. രണ്ടാം സ്ഥാനത്തുള്ള വിൽഫ്രഡ് സാഹ 804 ഡ്രിബിളുകളാണ് പൂർത്തിയാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് മാക്സിമിനും നാലാം സ്ഥാനത്ത് നെയ്മറും വരുന്നു.795,777 എന്നിങ്ങനെയാണ് യഥാക്രമം ഇരുവരും പൂർത്തിയാക്കിയിട്ടുള്ള ഡ്രിബിളുകൾ.

ഓരോ മത്സരം കൂടുന്തോറും നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ കൂട്ടിച്ചേർക്കുന്ന മെസ്സിയെയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. അതിന്റെ കൂട്ടത്തിലേക്കാണ് ഈ റെക്കോർഡ് കൂടി വന്നെത്തി നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ഗോളോടുകൂടി ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോൺ പെനാൽറ്റി ഗോളുകൾ നേടുന്ന താരമായി മാറാനും മെസ്സിക്ക് കഴിഞ്ഞിരുന്നു. ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാനത്തിലാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, ഈ കണക്കുകൾ കാണിക്കുന്നത് മെസ്സി ഇപ്പോഴും ഫുട്ബോൾ ലോകത്ത് ആധിപത്യം പുലർത്തുന്നു എന്നാണ്.

Rate this post