ഇനി മെസ്സിയുടെ അങ്കം അർജന്റൈൻ ജേഴ്‌സിയിൽ, ഇതുവരെയുള്ള കണക്കുകൾ ഇതാ

ഈ സീസണിൽ ഒരു മികച്ച തുടക്കം ലിയോ മെസ്സിക്ക് തന്റെ ക്ലബ്ബായ പിഎസ്ജിയിൽ ലഭിച്ചിരുന്നു. 11 മത്സരങ്ങളാണ് മെസ്സി ഈ സീസണിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 6 ഗോളുകളും 8 അസിസ്റ്റുകളും കരസ്ഥമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി ഇക്കുറി പിഎസ്ജിയിൽ വളരെയധികം ഇടപഴകിക്കൊണ്ട് കളിക്കുന്ന മെസ്സിയെയായിരുന്നു നമുക്ക് കാണാൻ സാധിച്ചിരുന്നത്.

ഇനി രാജ്യാന്തര മത്സരങ്ങൾക്ക് വേണ്ടിയുള്ള ഇടവേളയാണ്.ലിയോ മെസ്സിയുടെ ദേശീയ ടീമായ അർജന്റീന 2 മത്സരങ്ങളാണ് കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഹോണ്ടുറാസിനെയാണ് അർജന്റീന നേരിടുക. രണ്ടാം മത്സരത്തിൽ ജമൈക്കയാണ് അർജന്റീനയുടെ എതിരാളികൾ. അമേരിക്കയിൽ വെച്ചാണ് ഈ രണ്ടു മത്സരങ്ങളും നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ അർജന്റീന ടീം തുടങ്ങുകയും ചെയ്തിരുന്നു.

ലിയോ മെസ്സിയുടെ ഇപ്പോഴത്തെ മികച്ച ഫോം അർജന്റീനക്ക് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഈ സീസൺ ആരംഭിക്കുന്നതിനു മുന്നേ രണ്ട് മത്സരങ്ങൾ അർജന്റീന കളിച്ചിരുന്നു.ഫൈനലിസിമയിൽ യൂറോപ്പ്യൻ വമ്പൻമാരായ ഇറ്റലിയെ പരാജയപ്പെടുത്തിയപ്പോൾ, മത്സരത്തിൽ നിറഞ്ഞു കളിച്ചിരുന്നത് മെസ്സി തന്നെയായിരുന്നു. പിന്നീട് എസ്റ്റോണിയക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചിരുന്നത്.

ആ അഞ്ചു ഗോളുകളും നേടിയിരുന്നത് മെസ്സി തന്നെയായിരുന്നു. ചുരുക്കത്തിൽ ഈ സീസണിലെ പ്രകടനവും അവസാനമായി അർജന്റീനക്ക് വേണ്ടി മെസ്സി നടത്തിയ പ്രകടനവുമൊക്കെ സ്‌കലോണിക്ക് വളരെയധികം തൃപ്തി നൽകുന്ന ഒന്നാണ്. ഇതുവരെ മെസ്സി അർജന്റീനക്ക് വേണ്ടി 162 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 86 ഗോളുകൾ നേടിയ മെസ്സി തന്നെയാണ് അർജന്റീനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.

49 അസിസ്റ്റുകളാണ് മെസ്സി അർജന്റീനയുടെ ജേഴ്സിയിൽ പൂർത്തിയാക്കിയിട്ടുള്ളത്. വരുന്ന രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു അസിസ്റ്റ് കരസ്ഥമാക്കാൻ മെസ്സിക്ക് സാധിച്ചാൽ 50 അസിസ്റ്റുകൾ എന്ന നാഴികക്കല്ല് പൂർത്തിയാക്കാൻ മെസ്സിക്ക് കഴിയും.8 ഫ്രീകിക്ക് ഗോളുകളും 8 ഹാട്രിക്കുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ബ്രസീലിനെതിരെ ഹാട്രിക് നേടിയ താരം കൂടിയാണ് മെസ്സി എന്നോർക്കണം. അവസാനമായി അർജന്റീനക്ക് കളിച്ച മത്സരത്തിലും മെസ്സി ഹാട്രിക്ക് അടക്കം 5 ഗോളുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഏതായാലും ലയണൽ മെസ്സി ഈ കണക്കുകൾ എല്ലാം തന്നെ വരുന്ന രണ്ടു മത്സരങ്ങളിൽ നിന്നായി പുതുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനേക്കാളുപരി മികച്ച പ്രകടനമാണ് ആരാധകർക്ക് വേണ്ടത്. കാരണം അർജന്റീന ഏറെ പ്രതീക്ഷകൾ വച്ച് പുലർത്തുന്ന ഖത്തർ വേൾഡ് കപ്പ് ഇങ്ങെത്തി കഴിഞ്ഞു.

Rate this post