പഴയ മെസ്സിയെ തിരിച്ചു കിട്ടി എന്നൊന്നും പറയുന്നില്ല, പക്ഷേ പഴയ മെസ്സിയെ നഷ്ടമായിട്ടില്ല എന്നുറപ്പിച്ചു പറയും : പിഎസ്ജിയുടെ മുൻ സ്ട്രൈക്കർ

കഴിഞ്ഞ സീസണിൽ ബാഴ്സ വിട്ട് പിഎസ്ജിയിൽ എത്തിയതിന്റെ ബുദ്ധിമുട്ട് ലയണൽ മെസ്സി ഒരല്പം അനുഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണിൽ ആരാധകരുടെയും ക്ലബ്ബിന്റെയും പ്രതീക്ഷക്കൊത്തുയരാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. പക്ഷേ അപ്പോഴേക്കും വിമർശനങ്ങൾ വളരെയധികം ഉയർന്നിരുന്നു. മെസ്സിയുടെ പ്രതിഭ നഷ്ടമായി കഴിഞ്ഞു എന്ന് പല വിമർശകരും വിലയിരുത്തിയിരുന്നു.

എന്നാൽ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ വിമർശകർക്ക് മറുപടി നൽകുന്ന മെസ്സിയെയാണ് കാണാൻ സാധിക്കുക.35ആം മെസ്സിയുടെ പ്രതിഭക്ക് ഒരു പ്രശ്നവും പറ്റിയിട്ടില്ല. ലീഗ് വണ്ണിൽ 3 ഗോളുകളും 7 അസിസ്റ്റുകളുമായി ഇതിനോടകം തന്നെ 10 ഗോൾ പങ്കാളിത്തങ്ങൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.മെസ്സി ഈ മികവ് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പിഎസ്ജിയുടെ മുന്നേറ്റ നിരയിൽ മുമ്പ് കളിച്ചിട്ടുള്ള ഒരു താരമാണ് ഫാബ്രിസ് പാൻക്രെറ്റ്. മെസ്സിയെക്കുറിച്ച് ഇദ്ദേഹം തന്റെ അഭിപ്രായങ്ങൾ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഈ സീസണിലെ പ്രകടനത്തെയാണ് അദ്ദേഹം വിലയിരുത്തിയിട്ടുള്ളത്. അതായത് പഴയ മെസ്സിയെ തിരിച്ചു കിട്ടി എന്നൊന്നും പറയുന്നില്ലെന്നും എന്നാൽ പഴയ മെസ്സിയെ നഷ്ടമായിട്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയുമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

‘ പഴയ മെസ്സിയെ തിരിച്ചു കിട്ടി എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ യാഥാർത്ഥ്യം എന്തെന്നാൽ നമുക്ക് ആ മെസ്സിയെ നഷ്ടമായിട്ടില്ല എന്നുള്ളതാണ്. 20 വർഷത്തിനു ശേഷമാണ് അദ്ദേഹം ബാഴ്സയിൽ നിന്നും വിട പറഞ്ഞത്. അതുകൊണ്ടുതന്നെ പിഎസ്ജിയിൽ അഡാപ്റ്റാവാൻ മെസ്സിക്ക് സമയം ആവശ്യമായി വന്നു. പക്ഷേ ഇപ്പോൾ മെസ്സി ചെയ്യുന്നത് തന്നെയാണ് ശരിക്കുള്ള മെസ്സി. അദ്ദേഹത്തിന് കൂടുതൽ ഗോളടിക്കാൻ കഴിയുന്നില്ല എന്നുള്ളത് ശരി തന്നെയാണ്. പക്ഷേ ബാക്കിയുള്ള മേഖലകളിലൊക്കെ അദ്ദേഹം ക്ലബ്ബിൽ ഉണ്ടാക്കുന്ന ഇമ്പാക്ട് വളരെ വലുതാണ്. അദ്ദേഹത്തിന് പന്ത് കിട്ടിക്കഴിഞ്ഞാൽ അത് വേസ്റ്റ് അല്ല,ട്രീറ്റാണ് ‘ പിഎസ്ജിയുടെ മുൻ താരം പറഞ്ഞു.

ലയണൽ മെസ്സിയുടെ മുമ്പിൽ രണ്ട് വെല്ലുവിളിയാണ് ഈ സീസണിൽ ഉള്ളത്.ഒന്ന് അർജന്റീനക്കൊപ്പം ഖത്തർ വേൾഡ് കപ്പ് കളിക്കേണ്ടതുണ്ട്. രണ്ടാമത്തേത് പിഎസ്ജിയുടെ കിട്ടാക്കനിയായ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമാണ്.ഇതിൽ രണ്ടിലും മെസ്സി എത്രത്തോളം മുന്നേറും എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്.

Rate this post