ആ റോളിൽ ആണെങ്കിൽ ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചു വരില്ല |Lionel Messi

പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം ലയണൽ മെസ്സി 2023-ൽ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾ പരക്കെ വാർത്തകളിൽ ഇടം പിടിക്കുന്നത് തുടരുകയാണ്. അർജന്റീനിയൻ സൂപ്പർ താരം തന്റെ രാജ്യത്തിനായി 2022 ഫിഫ ലോകകപ്പ് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തന്റെ ഭാവിയെക്കുറിച്ച ഒരു തീരുമാനവും ഇപ്പോൾ എടുക്കില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു.

കറ്റാലൻ ക്ലബ്ബിന്റെ നിർണായക വ്യക്തികൾ ക്യാമ്പ് നൗവിൽ 35-കാരന്റെ തിരിച്ചു വരവിനായി ആഗ്രഹം പ്രകടിപ്പിക്കുന്നത് തുടരുന്നതിനാൽ മെസ്സിയുടെ ഭാവിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് വമ്പിച്ച പ്രാധാന്യം ലഭിക്കുന്നുണ്ട്. പിഎസ്‌ജിയുമായി രണ്ടു വർഷത്തെ കരാറൊപ്പിട്ട താരത്തിന്റെ കോണ്ട്രാക്റ്റ് ഈ സീസണോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് മെസിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുന്നത്. എന്നാൽ പിഎസ്‌ജിയുമായി കരാർ പുതുക്കാതെ ഫ്രീ ഏജന്റായി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാൻ മെസിയും ചില ഉപാധികൾ മുന്നോട്ടു വെക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്പാനിഷ് പത്രപ്രവർത്തകൻ ആൽബർട്ട് മസ്‌നൂയുടെ അഭിപ്രായത്തിൽ, 2023 ൽ മെസ്സിയും ബാഴ്‌സലോണയും വീണ്ടും ഒന്നിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അത് ഒരു പ്രധാന റോളിൽ ആണെങ്കിൽ മാത്രമേ സാധ്യമാകൂ. സ്പാനിഷ് പത്രപ്രവർത്തകൻ പറയുന്നതനുസരിച്ച് ബാഴ്സയിൽ സെക്കൻഡറി റോൾ വഹിക്കാൻ മെസ്സി വരില്ലെന്നും പ്രൈമറി റോൾ വാഗ്ദാനം ചെയ്താൽ മാത്രമേ മെസ്സി വരികയുള്ളൂ .’ സെക്കൻഡറി റോൾ അംഗീകരിച്ചുകൊണ്ട് ലയണൽ മെസ്സി ബാഴ്സയിലേക്ക് വരുമെന്ന് ആരും കരുതണ്ട.ഇതെന്നെ ചിരിപ്പിക്കുകയാണ് ചെയ്യുന്നത്.സെക്കൻഡറി റോളിൽ കളിക്കാൻ വേണ്ടി ഒരിക്കലും മെസ്സി ബാഴ്സയിലേക്ക് വരില്ല. കാരണം അദ്ദേഹം ഇപ്പോഴും അർജന്റീനയുടെയും പിഎസ്ജിയുടെയും ഏറ്റവും മികച്ചതാരമാണ്.യൂറോപ്പിൽ കൂടുതൽ ഗോളുകൾ നേടാനും അസിസ്റ്റുകൾ നേടാനും ചാൻസുകൾ ക്രിയേറ്റ് ചെയ്യാനും ഇപ്പോഴും മെസ്സിക്ക് സാധിക്കുന്നുണ്ട്. അങ്ങനെയൊരു താരം സെക്കൻഡറി റോളിൽ കളിക്കാൻ തയ്യാറാവില്ല ‘ മസ്നൗ പറഞ്ഞു.

പുതിയ ബാഴ്‌സലോണ സംവിധാനത്തിലേക്ക് മെസ്സിയെ സംയോജിപ്പിക്കുന്നത് ലാ ലിഗ വമ്പന്മാർക്ക് വെല്ലുവിളിയായേക്കാം. കാരണമാ ലെവൻഡോവ്‌സ്‌കിയുടെ സാനിധ്യം തന്നെയാണ്. ലയണൽ മെസിയെ തിരിച്ചു കൊണ്ടു വരികയാണെങ്കിൽ മുന്നേറ്റനിരയിൽ ഒസ്മാനെ ഡെംബലെ, റാഫിന്യ, ലെവൻഡോസ്‌കി ഈ താരങ്ങളിലൊരാളെ ഒഴിവാക്കി മെസിക്കുള്ള ഇടം സാവി നൽകേണ്ടി വരുമെന്നതിൽ സംശയമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ഫലം കാണാതെ വരികയും വിവാദങ്ങളിൽ പെടുകയും ചെയ്തിരുന്നു. ആ ഒരു അവസ്ഥ മെസ്സിയുടെ കാര്യത്തിൽ വരാതിരിക്കാൻ സ്പാനിഷ് ക്ലബ് ധാരാളം കാര്യങ്ങൾ ചെയ്യേണ്ടി വരും.

അർജന്റീനക്കാരൻ തന്റെ റോളിൽ സംതൃപ്തനാണെന്ന് ഉറപ്പാക്കാൻ കറ്റാലൻ ക്ലബ് ധാരാളം ഗൃഹപാഠങ്ങൾ ചെയ്യേണ്ടി വരും.അതേസമയം ടീമിലെ മറ്റ് പ്രധാന കളിക്കാരുടെ വളർച്ചയ്ക്കും വികാസത്തിനും അപകടമുണ്ടാകില്ല എന്നുറപ്പു വരുത്തുകയും വേണം. എന്നാൽ 2023 വേനൽക്കാലത്ത് മെസ്സിയെ പാർക് ഡെസ് പ്രിൻസസ് വിടാൻ പിഎസ്ജി അനുവദിക്കുമോ എന്നത് ഇപ്പോഴും ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.ഫ്രാൻസിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പാരീസ് ക്ലബ് ഒരു സീസണിലെങ്കിലും ഇതിഹാസ ഫോർവേഡ് നിലനിർത്താൻ ആഗ്രഹിക്കുന്നു എന്നാണ്. . എന്നിരുന്നാലും, ഈ സീസണിൽ തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് ട്രോഫി ഉറപ്പാക്കുന്നതിൽ ലീഗ് 1 ചാമ്പ്യന്മാർ പരാജയപ്പെട്ടാൽ അവരുടെ മനസ്സ് മാറാൻ സാധ്യതയുണ്ട്.

Rate this post