റൊണാൾഡോയുടെയും മെസ്സിയുടെയും വീണ്ടുമൊരു ❛ലാസ്റ്റ് ഡാൻസ്❜.. | Ronaldo | Messi

ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിലുള്ളൊരു വ്യക്തിഗത മത്സരം ഫുട്ബോൾ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല. പതിറ്റാണ്ടായി ഇരുവരും തമ്മിലുള്ള പോരിനിടയിൽ ചിലർ വന്നു പോയെങ്കിലും ആർക്കും സ്ഥിരതയുണ്ടായില്ല. തങ്ങളുടെ രാജകീയ സിംഹാസനത്തിൽ മറ്റാരെയും ഇരു താരങ്ങളും ഇരിക്കാൻ സമ്മതിച്ചിട്ടില്ല.

ഇപ്പോഴിതാ ഇരു താരങ്ങളുടെയും ❛ലാസ്‌റ്റ് ഡാൻസ്❜ ഒരിക്കൽ കൂടി നടക്കാൻ പോകുന്നു. ഒരുപക്ഷേ ഏറ്റവും അവസാനത്തേതായിരിക്കും ഇരു താരങ്ങളും തമ്മിലുള്ള മത്സരം. സൗദി അറേബ്യയിലെ റിയാദിൽ 2024 ഫെബ്രുവരിയിലാണ് അൽ നസറും ഇന്റർമയാമിയും തമ്മിൽ ഏറ്റുമുട്ടുന്നത്. ‘ലാസ്‌റ്റ് ഡാൻസ്’ എന്ന് പരസ്യവാചകതോടെയാണ് ഈ സൗഹൃദമത്സരം സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ളത്.

അവസാനമായി ഇരു താരങ്ങളും നേർക്കുനേർ ഏറ്റുമുട്ടിയതും സൗദി അറേബ്യയിൽ തന്നെയായിരുന്നു. സ്പോർട്സിലെ വളർച്ചയ്ക്ക് വേണ്ടി റിയാദിൽ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ സൗദി ആൾ സ്റ്റാർ ഇലവനും പി എസ് ജിയും തമ്മിലായിരുന്നു മത്സരം. അന്ന് ലയണൽ മെസ്സിയുടെ പി എസ് ജി നാലിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ചിരുന്നു.ക്രിസ്ത്യാനോ റൊണാൾഡോ രണ്ടു ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സി ഒരു ഗോളും നേടിയിരുന്നു.

അതിനുശേഷം ലയണൽ മെസ്സി ക്ലബ്ബ് മാറി. നിലവിൽ അമേരിക്കയിലെ ഇന്റർമയാമിയിലാണ് മെസ്സി കളിക്കുന്നത്. സൗദി അറേബ്യയുടെ ഫുട്ബോൾ സമവാക്യങ്ങളും മാറിമറിഞ്ഞിരിക്കുന്നു. അന്നത്തെ സൗഹൃദമത്സരത്തിന് ശേഷം അൽ-നസർ ക്ലബ്ബ് മാത്രം നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. സൂപ്പർതാരങ്ങളായ സാഡിയോ മാനെ, ലാപ്പോർട്ട, ഒട്ടാവിയ പോലെ ഒട്ടനവധി മികച്ച താരങ്ങളെ എത്തിച്ചത് കൊണ്ട് അൽ നസർ ക്ലബ്ബ് നിലവിൽ വലിയ ശക്തികളാണ്.

താരതമ്യേന അത്രയും മികച്ച ഒരു സ്ക്വാഡ് മെസ്സിയുടെ ക്ലബ്ബിനില്ല, എങ്കിലും മത്സരം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലാകുമ്പോൾ അതിന്റെ വീറും വാശിയും വർദ്ധിക്കും. ആരാധകർക്കും ഇതൊരു അവിശ്വസനീയ നിമിഷമാവും, കാരണം ഇരു താരങ്ങളും ഇനി തമ്മിൽ ഏറ്റുമുട്ടുമോ എന്നറിയില്ല, ഇരു താരങ്ങളും വെവ്വേറെ ഭൂഖണ്ഡങ്ങളിലായതിനാൽ ഇരു താരങ്ങളും തമ്മിൽ ഏറ്റുമുട്ടാൻ ഒരു സാധ്യതയും കാണുന്നില്ല.

Rate this post