മറഡോണയുടെ ഓർമ്മക്കായുള്ള ‘ സമാധാന മത്സരം’,മെസ്സിക്കൊപ്പം ഇറങ്ങുക ഇതിഹാസങ്ങൾ

അർജന്റീന ഫുട്ബോൾ ലോകത്തിന് സമ്മാനിച്ച ഇതിഹാസതാരം ഡിയഗോ മറഡോണ നമ്മിൽ നിന്നും വിട പറഞ്ഞിട്ട് രണ്ട് വർഷം പൂർത്തിയാവാനിരിക്കുകയാണ്. 2020 നവംബർ 25 ആം തീയതിയായിരുന്നു മറഡോണ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ഓർമ്മക്കായി ഒരു സമാധാന മത്സരം അഥവാ Peace Match സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇത് മൂന്നാമത്തെ എഡിഷനാണ് ഈ മത്സരം നടക്കുന്നത്.

പോപ്പ് ഫ്രാൻസിസിന്റെ കീഴിലുള്ള വി പ്ലേ ഫോർ പീസ് എന്ന ഫൗണ്ടേഷനാണ് ഈ സമാധാന മത്സരം സംഘടിപ്പിക്കാറുള്ളത്. ലോകസമാധാനം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ മത്സരം നടത്താറുള്ളത്.ഇത്തവണ അത് മറഡോണയുടെ ഓർമ്മക്ക് കൂടി നടത്തപ്പെടുകയാണ്. ഖത്തർ വേൾഡ് കപ്പിന് ഒരാഴ്ച മുന്നേ,അതായത് നവംബർ പതിനാലാം തീയതിയാണ് ഈ മത്സരം നടക്കുക.

ഒക്ടോബർ പത്താം തീയതി ഈ മത്സരത്തെ കുറിച്ചുള്ള ഒരു വീഡിയോ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ലയണൽ മെസ്സി ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഈ മത്സരത്തിന്റെ ഭാഗമാവാൻ താനും ഉണ്ട് എന്നാണ് മെസ്സി അറിയിച്ചിട്ടുള്ളത്.’ പോപ്പിനൊപ്പവും ഈ മഹത്തായ താരങ്ങൾക്കൊപ്പവും ഈ അവസരം ലഭിച്ചതിൽ ഞാൻ വളരെയധികം കൃതാർത്ഥനാണ്.നമുക്ക് ഒരുമിച്ച് നിന്നുകൊണ്ട് ലോകത്ത് വ്യത്യാസങ്ങൾ ഉണ്ടാക്കാം ‘ മെസ്സി വീഡിയോയിൽ പറഞ്ഞു.

ലയണൽ മെസ്സിയെ കൂടാതെ ഇതിഹാസങ്ങളായ റൊണാൾഡീഞ്ഞോ,മൊറിഞ്ഞോ,സുവാരസ് എന്നിവരൊക്കെ ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇവാൻ റാക്കിട്ടിച്ച്,ഡാനി ആൽവസ്,പെപേ റെയ്ന,ഡി മരിയ,മാക്സി റോഡ്രിഗസ് എന്നിവരൊക്കെ ഇതിന്റെ ഭാഗമാവും.

ലയണൽ മെസ്സി ഇതിന്റെ ഭാഗമായതോടുകൂടിയാണ് ഈ മത്സരം കൂടുതൽ അറിയപ്പെടാൻ ആരംഭിച്ചത്. ഏതായാലും ഖത്തർ വേൾഡ് കപ്പിന് തൊട്ടുമുന്നേ ഒരു സൗഹൃദ മത്സരത്തിൽ നമുക്ക് മെസ്സിയെ കാണാൻ സാധിക്കും. അതിന് ശേഷമാണ് അർജന്റീന UAE ക്കെതിരെ സൗഹൃദ മത്സരം കളിക്കുന്നത്. ആ മത്സരത്തിൽ മെസ്സി കളിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണാം.

Rate this post