ലയണൽ മെസ്സിയുടെ ഭാവി എന്ന് തീരുമാനമാകും? വ്യക്തമായ വിവരങ്ങൾ നൽകി ഗാസ്റ്റൻ എഡ്യൂൾ

സൂപ്പർ താരം ലയണൽ മെസ്സി ഇനി പിഎസ്ജിയിൽ ചുരുങ്ങിയ നാളുകൾ മാത്രമാണ് ഉണ്ടാവുക.ഈ സീസണിന് ശേഷം ക്ലബ്ബിനോട് വിട പറയാൻ മെസ്സി നേരത്തെ തന്നെ തീരുമാനമെടുത്തു കഴിഞ്ഞതാണ്.ക്ലബ്ബിന്റെ പ്രോജക്ട് നല്ലതായി തോന്നാത്തതിനാലാണ് മെസ്സി പാരീസ് വിടാൻ തീരുമാനിച്ചിട്ടുള്ളത്.പക്ഷേ അടുത്ത ക്ലബ്ബ് ഏതാണ് എന്നത് തീരുമാനിക്കപ്പെട്ടിട്ടില്ല.

തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരികെ പോവാനാണ് മെസ്സി ആഗ്രഹിക്കുന്നത്.പക്ഷേ അക്കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും ഇപ്പോൾ നൽകാൻ സാധിക്കില്ല.കാരണം ബാഴ്സയുടെ പ്ലാനിന് ഇപ്പോഴും ലാലിഗയുടെ അനുമതി ലഭിച്ചിട്ടില്ല.ഉടൻതന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷകൾ.അങ്ങനെ ലാലിഗ പച്ചക്കൊടി കാണിച്ചു കഴിഞ്ഞാൽ മാത്രമാണ് ബാഴ്സക്ക് പിന്നീട് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.

മെസ്സിയുടെ ഭാവി എന്നാണ് ഒരു ഫൈനൽ ഡിസിഷനിൽ എത്തുക?ആരാധകർക്ക് അറിയേണ്ട കാര്യം ഇതാണ്.അർജന്റൈൻ പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ ഇക്കാര്യത്തിൽ ചില വിവരങ്ങൾ നൽകിയിട്ടുണ്ട്.അതായത് ഉടൻതന്നെ മെസ്സിയുടെ ഭാവി തീരുമാനമാകില്ല.ജൂൺ പതിനഞ്ചാം തീയതിക്കും ഇരുപതാം തീയതിക്കും ഇടയിൽ അർജന്റീന 2 സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.ഈ സൗഹൃദ മത്സരങ്ങൾക്ക് മുന്നേ മെസ്സിയുടെ ഭാവി തീരുമാനമാകാനുള്ള സാധ്യതയും വളരെ കുറവാണ്.അടുത്ത സീസണിൽ എവിടെ കളിക്കും എന്ന കാര്യത്തിൽ വ്യക്തമായ ധാരണ ഇല്ലാതെയായിരിക്കും മെസ്സി അർജന്റീനക്ക് വേണ്ടി ഈ രണ്ടു ഫ്രണ്ട്ലി മത്സരങ്ങൾ ഏഷ്യയിൽ കളിക്കുക.

അർജന്റീനയുടെ മത്സരങ്ങൾക്ക് ശേഷം മെസ്സി വെക്കേഷനിലേക്ക് പ്രവേശിക്കും.ആ വെക്കേഷനിലായിരിക്കും മെസ്സി തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുക.നിലവിൽ ലയണൽ മെസ്സിയുടെ മുന്നിൽ സൗദി അറേബ്യയുടെ ഒരു വലിയ ഓഫർ കിടപ്പുണ്ട്.പക്ഷേ മെസ്സി അത് പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ബാഴ്സയുടെ ഓഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മെസ്സിയുള്ളത്. ബാഴ്സയുടെ ഓഫർ ലഭിച്ചു കഴിഞ്ഞാൽ മെസ്സി അതുതന്നെയായിരിക്കും പ്രധാനമായും പരിഗണിക്കുക.

യൂറോപ്പിൽ തന്നെ തുടരുക എന്നതിനാണ് നിലവിൽ മെസ്സി മുൻഗണന നൽകുന്നത്.തനിക്ക് ഇനിയും കുറച്ചുകാലം കൂടി യൂറോപ്പിൽ ഹൈ ലെവലിൽ കളിക്കാൻ കഴിയുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് മെസ്സിയുള്ളത്. അടുത്തവർഷം കോപ്പ അമേരിക്ക നടക്കുന്നതിനാൽ ചുരുങ്ങിയത് അതുവരെയെങ്കിലും യൂറോപ്പിൽ തുടരാനാണ് മെസ്സിയുടെ തീരുമാനം.കോപ്പ അമേരിക്കയ്ക്ക് ശേഷം മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോകാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.

3/5 - (2 votes)