താൻ നേരിട്ടതിൽ ഏറ്റവും മികച്ച താരം ബ്രസീലിയൻ സ്‌ട്രൈക്കറെന്ന് ലിസാൻഡ്രോ മാർട്ടിനസ്

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ഡച്ച് ക്ലബായ അയാക്‌സിൽ നിന്നും ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. താരത്തിന്റെ ട്രാൻസ്‌ഫർ സംബന്ധിച്ച് പലരും നെറ്റി ചുളിച്ചെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കി ഗംഭീരമായ പ്രകടനം ക്ലബിനായി ഇതുവരെ നടത്താൻ താരത്തിന് കഴിഞ്ഞു. ഈ സീസണിൽ നാല് കിരീടങ്ങൾക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് പൊരുതുന്നതിലും താരം നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന പ്രീമിയർ ലീഗിൽ നിരവധി താരങ്ങളെ ലിസാൻഡ്രോ മാർട്ടിനസ് നേരിട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം താൻ നേരിട്ടവരിൽ ഏറ്റവും മികച്ച താരമാരാണെന്ന് ലിസാൻഡ്രോ മാർട്ടിനസ് വെളിപ്പെടുത്തുകയുണ്ടായി. ആഴ്‌സനലിന്റെ ബ്രസീലിയൻ താരമായ ഗബ്രിയേൽ ജീസസിന്റെ പേരാണ് ലിസാൻഡ്രോ പറഞ്ഞത്.

നിലവിൽ പരിക്ക് കാരണം പുറത്തിരിക്കുന്ന ബ്രസീലിയൻ താരമാണ് പ്രീമിയർ ലീഗിൽ എത്തിയതിനു ശേഷം താൻ നേരിട്ട ഏറ്റവും മികച്ച താരമെന്നാണ് ലിസാൻഡ്രോ മാർട്ടിനസ് പറയുന്നത്. ഈ സീസണിന്റെ ആദ്യത്തെ ഘട്ടത്തിൽ രണ്ടു താരങ്ങളും നേർക്കുനേർ വന്നിരുന്നു. പ്രീമിയർ ലീഗിൽ അപരാജിതരായി മുന്നോട്ടു കുതിക്കുന്ന ആഴ്‌സനലിനെ ആദ്യമായി പരാജപ്പെടുത്തുന്ന ടീമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറിയിരുന്നു.

ആഴ്‌സനലിനെ തഴഞ്ഞ് അയാക്‌സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനുണ്ടായ കാരണവും ലിസാൻഡ്രോ മാർട്ടിനസ് വെളിപ്പെടുത്തി. എറിക് ടെൻ ഹാഗിനു കീഴിൽ അയാക്‌സിൽ കളിച്ചിട്ടുള്ളതു കൊണ്ടാണ് അങ്ങിനെയൊരു തീരുമാനം എടുത്തതെന്നും തന്റെയും അദ്ദേഹത്തിന്റെയും മനോഭാവം ഒരുപോലെയാണെന്നും സാധ്യമായ എല്ലാ കിരീടങ്ങളും നേടണമെന്നും ലിസാൻഡ്രോ പറഞ്ഞു.

Rate this post