ചിലപ്പോൾ എതിരാളികളെ ഇല്ലാതാക്കാൻ തോന്നുമെന്ന് ലിസാൻഡ്രോ മാർട്ടിനസ് |Lisandro Martinez

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അയാക്‌സിൽ നിന്നും ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. പ്രീമിയർ ലീഗിന്റെ കായികക്ഷമതക്ക് അനുയോജ്യമായ ആകാരമില്ലാത്ത താരമെന്നാണ് പലരും ലിസാൻഡ്രോ മാർട്ടിനസിനെ വിലയിരുത്തിയത്. താരത്തിന്റെ ഉയരക്കുറവ് ടീമിന് തിരിച്ചടി നൽകുമെന്നും പലരും വിലയിരുത്തി.

എന്നാൽ സീസൺ പകുതിയിലധികം പിന്നിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ മനസ് കവർന്നും വിമർശകരുടെ വായടപ്പിച്ചും തകർപ്പൻ പ്രകടനമാണ് ലിസാൻഡ്രോ മാർട്ടിനസ് നടത്തുന്നത്. താരത്തിന്റെ പ്രതിരോധമികവിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കശാപ്പുകാരൻ എന്നർത്ഥം വരുന്ന ‘ദി ബുച്ചർ’ എന്ന വിളിപ്പേരും ഇട്ടിരുന്നു. കഴിഞ്ഞ ദിവസം ആ പേരിനെക്കുറിച്ച് ലിസാൻഡ്രോ സംസാരിക്കുകയുണ്ടായി.

“ചിലപ്പോൾ നമുക്ക് എതിരാളികളെ ഇല്ലാതാക്കാനൊക്കെ തോന്നും, പക്ഷെ നമ്മൾ സ്വയം നിയന്ത്രിക്കണം. അർജന്റീന താരങ്ങൾ ഇതുപോലെയാണ് ഇപ്പോഴും, വളരെയധികം ആവേശം ഉണ്ടായിരിക്കും. ഫുട്ബോളാണ് ഞങ്ങൾക്കെല്ലാം, അതുകൊണ്ടു തന്നെ ഞങ്ങൾ അതിനായി എല്ലായിപ്പോഴും എല്ലാം നൽകും. കുട്ടിയായിരിക്കുമ്പോൾ തോറ്റാൽ ഞാൻ കരയുകയും അടി കൂടുകയും ചെയ്യുമായിരുന്നു.” ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞു.

ബ്രൈറ്റനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാല് ഗോളുകൾ വഴങ്ങിയ മത്സരത്തിലാണ് ലൈസൻഡ്രോ മാർട്ടിനസ് ആദ്യമായി ഇറങ്ങുന്നത്. ആ മത്സരത്തിൽ പകുതി സമയത്ത് താരം പിൻവലിക്കപ്പെടുകയും ചെയ്‌തു. എന്നാൽ അതിനു ശേഷം ക്ലബിനായി മിന്നുന്ന പ്രകടനം നടത്തിയ താരം ടീമിലെ സ്ഥിര സാന്നിധ്യമായി. ഈ സീസണിൽ നാല് കിരീടങ്ങൾക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പൊരുതുന്നുമുണ്ട്.

Rate this post