യുർ‍ഗൻ ക്ളോപ്പിന് പകരക്കാരനെ കണ്ടെത്തി ലിവർപൂൾ | Liverpool

സീസൺ അവസാനം ക്ലബ് വിടാനൊരുങ്ങുന്ന ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പിന് പകരക്കാരനായി പുതിയ പരിശീലകനെ ലിവർപൂൾ നോട്ടമിട്ടതായി ഫൂട്ട്മർക്കാട്ടോ ജേർണലിസ്റ്റ് സാന്റി ഔന റിപ്പോർട്ട് ചെയ്യുന്നു. മുൻ ലിവർപൂൾ ഇതിഹാസ താരം സാബി അലോൺസോയെയാണ് ലിവർപൂൾ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് റിപ്പോർട്ട്.

നിലവിൽ ബുണ്ടസ്ലീഗ ക്ലബ് ബയേൺ ലെവർകൂസൻറെ പരിശീലകനാണ് 42 കാരനായ സാബി. സാബിയുടെ കീഴിൽ നിലവിൽ ബുണ്ടസ്ലീഗയിൽ ഒന്നാം സ്ഥാനത്താണ് ലെവർകൂസൻ.ബയേണും ഡോർട്ട്മുണ്ടും ആധിപത്യം നടത്തുന്ന ജർമൻ ലീഗിൽ ലെവർകൂസനെ കിരീട ഫേവറേറ്റുകളാക്കിയത് തന്നെയാണ് ലിവർപൂളിന് സാബിയിൽ താൽപര്യം ഉണ്ടാവാനുള്ള കാരണം.

കൂടാതെ മുൻ ലിവർപൂൾ താരം കൂടിയാണ് ഈ സ്പാനിഷുകാരൻ. 2004 മുതൽ 2009 വരെ ലിവർപൂളിന് വേണ്ടി കളിച്ച സാബി അവർക്കായി 143 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. പിന്നീട് റയൽ മാഡ്രിഡ്, ബയേൺ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2010 ലെ സ്പെയിനിന്റെ ലോകകപ്പ് കിരീട നേട്ടത്തിലും ഈ മധ്യനിരക്കാരൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

സീസൺ അവസാനം താൻ ക്ലബ് വിടുമെന്ന് ക്ളോപ്പ് നേരത്തെ അറിയിച്ചിരുന്നു. ക്ളോപ്പിന്റെ വിടവ് നികത്താൻ അതെ രീതിയിലുള്ള പരിശീലകനെയാണ് ലിവർപൂൾ നോട്ടമിട്ടത്. ആ നോട്ടം ചെന്നെത്തിയത് സാബിയിലേക്കും. എന്നാൽ ലിവർപൂളിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാബി പ്രതികരണം നടത്തിയിട്ടില്ല. നിലവിൽ ലെവർകൂസനെ കിരീടത്തിലെത്തിക്കുന്നത് മാത്രമായിരിക്കും അദ്ദേഹത്തിൻറെ ശ്രദ്ധ.

Rate this post