ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ലിവർപൂൾ |Liverpool
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ലിവർപൂൾ. നോട്ടിംഗ്ഹാം ഫോറസ്റ്റ് റെഡ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച ലിവർപൂൾ പുതുതായി പ്രമോട്ട് ചെയ്ത ഫോറസ്റ്റിനെതിരെ പിടിച്ചു നില്ക്കാൻ പാടുപെട്ടു. ലീഗിലെ ഫോറസ്റ്റിന്റെ രണ്ടാം വിജയം മാത്രമാണിത്.
ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല.55-ാം മിനുട്ടിൽ നൈജീരിയൻ സ്ട്രൈക്കർ തായ്വോ അവോനിയിയുടെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഷോട്ടിൽ നിന്നും ഫോറസ്ററ് ഗോൾ നേടി. ഒരു ഗോൾ നേടിയതിനു ശേഷം പൂർണമായി പ്രതിരോധത്തിലൂന്നിയ കളിയാണ് ഫോറസ്റ്റ് പുറത്തെടുത്തത്. സമനില ഗോളിനായി ലിവർപൂൾ കഠിനമായി ശ്രമിച്ചെങ്കിലും ഫോറസ്റ്റ് പ്രതിരോധം തകർക്കാൻ സാധിച്ചില്ല.
ഈ സീസണിൽ ആദ്യമായി ബാക്ക്-ടു-ബാക്ക് ക്ലീൻ ഷീറ്റ് നേടിയതിന് ശേഷം ഫോറസ്റ്റിന് ഈ വിജയം വലിയ ആശ്വാസം നൽകും. ഈ സീസണിലെ നാലാം പരാജയമായിരുന്നു ലിവർപൂളിന്റെ. 11 മത്സരങ്ങളിൽ നിന്നും 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലിവർപൂളിന്റെ സ്ഥാനം.