നിബന്ധനകൾ അംഗീകരിച്ചു, ലിവർപൂളിന്റെ സൂപ്പർ താരം ബാഴ്‌സയിലേക്ക്?

ഈ സീസണിൽ ലിവർപൂൾ ലക്ഷ്യം വെക്കുന്ന പ്രധാനതാരമാണ് ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം തിയാഗോ അൽകാന്ററ. ലിവർപൂൾ ഏകദേശം ക്ലബ്ബിൽ എത്തിക്കുന്നതിന്റെ തൊട്ടടുത്ത് എത്തിഎന്നാണ് റിപ്പോർട്ടുകൾ. ഈയൊരു അവസരത്തിൽ തന്നെ ലിവർപൂൾ വിടാനൊരുങ്ങി നിൽക്കുകയാണ് മധ്യനിര താരം ജിയോർജിനിയോ വിനാൾഡം.

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയിലേക്കാണ് താരം കൂടുമാറുന്നത്. ബാഴ്സയുമായുള്ള മൂന്ന് വർഷത്തെ കരാർ താരം അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. കൂടാതെ മറ്റുള്ള നിബന്ധനകളും താരം അംഗീകരിച്ചിട്ടുണ്ട്. ഡച്ച് താരമായ വിനാൾഡം ബാഴ്സയുടെ പുതിയ പരിശീലകൻ കൂമാന്റെ നോട്ടപ്പുള്ളിയായിരുന്നു.താരത്തിനും ബാഴ്സയിലേക്ക് ചേക്കേറാൻ താല്പര്യമുണ്ട്.

ഇവാൻ റാക്കിറ്റിച്, ആർതുറോ വിദാൽ എന്നീ മധ്യനിര താരങ്ങളോട് ക്ലബ് വിടാൻ കൂമാൻ പറഞ്ഞിരുന്നു. ആ സ്ഥാനത്തേക്ക് ആണ് വിനാൾഡത്തെ ബാഴ്സ പരിഗണിക്കുന്നത്. ആദ്യം ലക്ഷ്യമിട്ട വാൻ ഡി ബീക്കിനെ യുണൈറ്റഡ് റാഞ്ചിയ സാഹചര്യത്തിൽ വിനാൾഡത്തെ കൈവിടാൻ ബാഴ്സ ഒരുക്കമല്ല. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ നടത്തിയിരുന്നുവെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. അതിനിടെയാണ് താരം ബാഴ്സയുമായി കരാറിൽ എത്തിയ വാർത്തകൾ പുറത്തു വന്നത്. 13-18 മില്യൺ പൗണ്ടുകൾക്കിടയിൽ ആയിരിക്കും താരത്തിന്റെ വില എന്നാണ് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത്.

2016-ൽ ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് 24 മില്യൺ പൗണ്ടിനായിരുന്നു താരം ലിവർപൂളിൽ എത്തിയത്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നിവയെല്ലാം ലിവർപൂളിനൊപ്പം നേടാൻ വിനാൾഡത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഡച്ച് മധ്യനിര താരമായ ഡിജോങ് ബാഴ്സയിൽ ഉണ്ട്. താരത്തോടൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാൻ വിനാൾഡത്തിന് കഴിയുമെന്നാണ് കൂമാൻ വിശ്വസിക്കുന്നത്.

Rate this post