കഴിഞ്ഞ രണ്ടു ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ചവർ പറയുന്നു, ഖത്തർ ലോകകപ്പ് അർജന്റീനക്ക്

നാല് വർഷത്തിലൊരിക്കൽ വരുന്ന ഖത്തർ ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. നിരവധി മികച്ച ടീമുകൾ പരസ്‌പരം ഏറ്റുമുട്ടുന്ന ഇത്തവണത്തെ ലോകകപ്പിൽ ആരു കിരീടം നേടുമെന്നതിനെ സംബന്ധിച്ച ചർച്ചകളും ഇപ്പോൾ ധാരാളം ഉയർന്നു വരുന്നുണ്ട്. അതിനൊപ്പം ലോകകപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങളും പലരും നടത്തുന്നുണ്ട്. തങ്ങളുടെ ടീമിന്റെ സാധ്യതകൾ വിലയിരുത്തുന്ന ആരാധകർ അതിനെയെല്ലാം താല്പര്യപൂർവം വീക്ഷിക്കുന്നുമുണ്ട്.

2014 ലോകകപ്പ് കിരീടം ജർമനി നേടുമെന്നും 2018 ലോകകപ്പ് ഫ്രാൻസ് നേടുമെന്നും ടൂർണമെന്റിനു മുൻപു തന്നെ ലണ്ടനിലെ സ്റ്റോക്ക്ബ്രോക്കറായ ജോക്കിം ക്ലെമൻ പ്രവചിച്ചിരുന്നു. ടീമിന്റെ നിലവിലെ ഫോമും കരുത്തും രാജ്യത്തിന്റെ ജനസംഖ്യ, ജിഡിപി തുടങ്ങിയ സാമൂഹികസാമ്പത്തിക കാര്യങ്ങളും പരിഗണിച്ചു കൊണ്ട് അദ്ദേഹം നടത്തിയ ഇത്തവണത്തെ ലോകകപ്പ് പ്രവചനത്തിൽ ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി അർജന്റീനയാണ് കിരീടം സ്വന്തമാക്കുക.

തന്റെ പ്രവചനത്തിൽ തെറ്റുകൾ പറ്റാമെന്നും അതു പൂർണമായും ആധികാരികമായ ഒന്നായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്. എന്നാൽ അർജന്റീനയുടെ നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഇതിനുള്ള സാധ്യത മുഴുവനായി തള്ളിക്കളയാൻ കഴിയില്ല. 2019 മുതൽ അപരാജിതരായി കുതിക്കുന്ന അർജന്റീന കഴിഞ്ഞ കോപ്പ അമേരിക്കയും അതിനു ശേഷം നടന്ന ലാ ഫൈനലിസമ കിരീടവും സ്വന്തമാക്കിയാണ് ലോകകപ്പിനു വരുന്നത്.

ക്ലെമനിന്റെ പ്രവചനപ്രകാരം പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളിൽ ഡെൻമാർക്ക്, നെതർലാൻഡ്‌സ്, സ്പെയിൻ എന്നീ ടീമുകളെയാണ് അർജന്റീന നേരിടുക. അതേസമയം ഇംഗ്ലണ്ടിന് നോക്ക്ഔട്ട് മത്സരങ്ങളിൽ സെനഗൽ, മെക്‌സിക്കോ, പോർച്ചുഗൽ എന്നിവരെയാണ് നേരിടേണ്ടി വരുന്നത്. അതേസമയം ഇംഗ്ലണ്ടിന്റെ നിലവിലെ ഫോം പരിഗണിക്കുമ്പോൾ അവർ ഫൈനലിൽ എത്തുമെന്ന പ്രവചനം സത്യമാകുമെന്ന് കരുതാൻ കഴിയില്ല.

ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നായ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തു പോകുമെന്നാണ് ക്ലമന്റിന്റെ കണക്കുകൾ പറയുന്നത്. സ്പെയിനുമായി തോറ്റാണ് ബ്രസീൽ പുറത്തു പോവുകയെന്നും അതിൽ കാണിക്കുന്നു. റൊണാൾഡോ നായകനായ പോർച്ചുഗൽ സെമി ഫൈനൽ കളിക്കുമെന്നും അദ്ദേഹത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Rate this post