ടീമിൽ സ്ഥാനമില്ലെന്നറിയിച്ച് കൂമാൻ, സുവാരസ് ബാഴ്സ വിട്ടേക്കും.

സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ബാഴ്സയിലെ കരിയർ ഏകദേശം അന്ത്യത്തിലേക്ക്‌ എത്തിയതായി ശക്തമായ റിപ്പോർട്ടുകൾ. താരം ഈ ട്രാൻസ്ഫർ ജാലകംത്തിൽ ബാഴ്സ വിട്ടേക്കുമെന്നാണ് ഫുട്ബോൾ ലോകത്തെ പ്രശസ്തമാധ്യമങ്ങളും ജേണലിസ്റ്റുകളും റിപ്പോർട്ട്‌ ചെയ്യുന്നത്. സുവാരസുമായി കൂമാൻ സംസാരിച്ചെന്നും തന്റെ ടീമിൽ ഇടംലഭിച്ചേക്കില്ല എന്ന കാര്യം കൂമാൻ സുവാരസിനെ അറിയിച്ചതായാണ് വാർത്തകൾ. ഇതോടെ സുവാരസ് ക്ലബ് വിടുന്നത് പരിഗണിച്ചേക്കും.

പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനൊയാണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത് സ്പാനിഷ് ജേണലിസ്റ്റ് ജെറാർഡ് റോമെറോയോ ഉദ്ധരിച്ചു കൊണ്ടാണ് ഈ വാർത്ത ഫുട്ബോൾ ലോകത്ത് എത്തിയത്. വരും സീസണിൽ സുവാരസിനെ കളിപ്പിക്കാൻ കഴിയില്ലെന്ന് കൂമാൻ നേരിട്ട് അറിയിച്ചതാണ് സുവാരസിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. വരും ദിവസങ്ങളിൽ സുവാരസ് പുതിയ തട്ടകം തേടുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

സുവാരസിന്റെ മുൻ ക്ലബായ അയാക്സിൽ നിന്നുള്ള ഓഫറാണ് ബാഴ്സ പരിഗണിക്കാൻ ഏറ്റവും കൂടുതൽ സാധ്യത. കഴിഞ്ഞ ദിവസം നടന്ന ഇന്റർവ്യൂവിൽ സുവാരസ് ബാഴ്സയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. താൻ ക്ലബ് വിടേണ്ട കാര്യം ക്ലബ് ഡയറക്ടർ തന്നോടാണ് പറയേണ്ടതെന്നും മാധ്യമങ്ങളിലൂടെയല്ല താൻ അറിയേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പകരക്കാരനായിട്ടാണെങ്കിലും ക്ലബിൽ തുടരുമെന്ന് സുവാരസ് അറിയിച്ചിരുന്നു. എന്നാൽ കൂമാൻ തന്റെ പദ്ധതിയിൽ സുവാരസിന് ഒരു സ്ഥാനവുമില്ലെന്ന് തീർത്തു പറഞ്ഞതാണ് താരത്തിന് പുറത്തേക്കുള്ള വാതിൽ തുറന്നത്. സുവാരസിന്റെ പകരക്കാരനായി ലൗറ്ററോ മാർട്ടിനെസിനെയാണ് ബാഴ്സ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത്. ഏതായാലും അടുത്ത സീസണിൽ സുവാരസ് ബാഴ്സയ്ക്കൊപ്പം ഉണ്ടാവാൻ സാധ്യത കുറവാണ്.

Rate this post