ബാഴ്സയുടെ ബ്രസീലിയൻ താരം പ്രീമിയർ ലീഗിലേക്ക് കളംമാറിയേക്കും.

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ മധ്യനിരതാരം റഫീഞ്ഞ പ്രീമിയർ ലീഗിലേക്ക് ചേക്കേറിയേക്കും. കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം. ബാഴ്സ തങ്ങളുടെ പുതുക്കിപണിയലിന്റെ ഭാഗമായി ഒരുപാട് താരങ്ങളെ ഒഴിവാക്കുന്നുണ്ട്. ഈയൊരു കൂട്ടത്തിലുള്ളതാണ് റഫീഞ്ഞയും നിലവിൽ താരം ലോണിൽ സെൽറ്റയിൽ ആണ് കളിക്കുന്നത്. എന്നാൽ ഈ ട്രാൻസ്ഫറിൽ പ്രീമിയർ ലീഗിലേക്ക് ചേക്കേറാനാണ് താരം ഉദ്ദേശിക്കുന്നത്.

താരത്തിന് ബാഴ്സയിൽ ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട്. ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരമാണ് റഫീഞ്ഞ. 2011 മുതൽ ബാഴ്സ സീനിയർ ടീമിന് വേണ്ടി കളിച്ചു തുടങ്ങി. എന്നാൽ 2013-ൽ സെൽറ്റയിലേക്കും പിന്നീട് ഇന്റർമിലാനിലേക്കും തട്ടകം മാറ്റിയിരുന്നു. തുടർന്ന് തിരികെ സെൽറ്റയിലേക്ക് തന്നെ വരികയായിരുന്നു. ഇതെല്ലാം ലോണിൽ ആയിരുന്നു. എന്നാലിപ്പോൾ താരം ആദ്യമായി, സ്ഥിരമായി ബാഴ്സ വിടാൻ ആലോചിക്കുകയാണ്. പതിനാറ് മില്യൺ യുറോയാണ് ബാഴ്സ താരത്തിന് വേണ്ടി ആവിശ്യപ്പെടുന്നത്.

പ്രീമിയർ ലീഗ് ക്ലബായ എവെർട്ടൻ ആണ് താരത്തിന് വേണ്ടി ഏറ്റവും കൂടുതൽ രംഗത്തുള്ളത്. എന്നാൽ പ്രീമിയർ ലീഗിലെ തന്നെ വെസ്റ്റ്ഹാം, ആഴ്‌സണൽ എന്നിവരും താരത്തിന് വേണ്ടി ബാഴ്സയെ സമീപിച്ചേക്കും. കൂടാതെ സിരി എയിലെ ലാസിയോക്കും താരത്തെ ആവിശ്യമുണ്ട്. എന്നാൽ താരത്തിന് സിരി എ താല്പര്യമില്ല. ഇന്റർമിലാനിൽ കളിച്ച കാലത്ത് തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല. അതേസമയം പുതിയ പരിശീലകൻ റൊണാൾഡ്‌ കൂമാനുമായി താരം സംസാരിച്ചേക്കും. താരത്തെ വിൽക്കാൻ തന്നെയാണ് കൂമന്റെയും തീരുമാനം. റഫീഞ്ഞയുടെ സഹോദരനാണ് തിയാഗോ അൽകാന്ററ. താരത്തെ ബയേണിൽ നിന്നും എത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ ശ്രമം നടത്തുന്നുണ്ട്.

Rate this post