ഏത് പരിശീലകനാണ് മെസ്സിയെ വേണ്ടെന്ന് പറയുക, മെസ്സിയെ പിഎസ്ജിയിലേക്ക് ക്ഷണിച്ച് ടുഷേൽ.

ഇന്നലെ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ തോമസ് ടുഷേൽ പരിശീലിപ്പിച്ച പിഎസ്ജി ബയേണിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി അറിഞ്ഞിരുന്നു. മത്സരത്തിന്റെ 59-ആം മിനുട്ടിൽ കിങ്സ്ലി കോമാൻ നേടിയ ഗോളാണ് ബയേണിന് കിരീടം നേടികൊടുത്തത്. ഇതോടെ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വീണ്ടും വർദ്ധിക്കുകയായിരുന്നു. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ, നെയ്മർ ജൂനിയർ, ഡിമരിയ എന്നിവർക്ക് ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിയാത്തതാണ് പിഎസ്ജിക്ക് തിരിച്ചടിയായത്.

അതേസമയം മത്സരശേഷം സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പരിശീലകൻ തോമസ് ടുഷേൽ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ടുഷേൽ മെസ്സിയെ കുറിച്ച് സംസാരിച്ചത്. മെസ്സിക്ക് എപ്പോൾ വേണമെങ്കിലും പിഎസ്ജിയിലേക്ക് വരാമെന്നും ഞങ്ങൾ സ്വാഗതം ചെയ്യുമെന്നാണ് ടുഷേൽ പറഞ്ഞത്. പിഎസ്ജി പുതിയ താരങ്ങളെ സൈൻ ചെയ്യാൻ ശ്രമിക്കണമെന്നും ഇദ്ദേഹം ആവിശ്യപ്പെട്ടു. എന്നാൽ മെസ്സി ബാഴ്‌സയിൽ തന്നെ കരിയർ അവസാനിപ്പിക്കും എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടുഷേലിന്റെ വാക്കുകൾ ഇങ്ങനെയാണ് : ” മെസ്സിക്ക് എപ്പോൾ വേണമെങ്കിലും പിഎസ്ജിയിലേക്ക് വരാം, ഞങ്ങൾ സ്വാഗതം ചെയ്യാനും തയ്യാറാണ്. ഞങ്ങൾക്ക് എഡിൻസൺ കവാനിയെയും തോമസ് മുനീറിനെയും നഷ്ടമായി. ഇപ്പോൾ ഞങ്ങൾക്ക് സിൽവയെയും നഷ്ടമായി. ബയേൺ ഇൻവെസ്റ്റ്‌ ചെയ്യുന്ന ടീമാണ്. ഞങ്ങൾക്ക് അവരുടെ തലത്തിലേക്ക് എത്തണമെങ്കിൽ തീർച്ചയായും ഈ ട്രാൻസ്ഫറിൽ ടീമിന്റെ വ്യാപ്തി വർധിപ്പിക്കണം. അടുത്ത സീസൺ തീർച്ചയായും ഡിമാൻഡ് ഏറിയ ഒന്നായിരിക്കും. പക്ഷെ ഞങ്ങൾ ടീമിനെ മികച്ച രീതിയിൽ ആക്കും. ഏത് പരിശീലകനാണ് മെസ്സിയെ വേണ്ട എന്ന് പറയുക? ഞങ്ങൾ ട്രാൻസ്ഫറിനെ കുറിച്ച് അധികം സംസാരിക്കില്ല. തീരുമാനമെടുക്കുകയാണ് ചെയ്യുക. അടുത്ത ദിവസങ്ങളിൽ ഇക്കാര്യവുമായി കൂടുതൽ ചർച്ചകൾ നടത്തും. എനിക്ക് തോന്നുന്നത് മെസ്സി ബാഴ്സയിൽ തന്നെ കരിയർ ഫിനിഷ് ചെയ്യും എന്നാണ് ” ടുഷേൽ പറഞ്ഞു.

Rate this post