സമ്മർദ്ദതന്ത്രം ഫലം കണ്ടു, നമ്പർ വൺ ട്രാൻസ്‌ഫർ ലക്ഷ്യമായിരുന്ന ബ്രസീലിയൻ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി
എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി എത്തിയതിനു ശേഷം നിരവധി താരങ്ങളെ ക്ലബ് നോട്ടമിട്ടിരുന്നു. അതിൽ ഏറ്റവും പ്രധാനിയായ താരം ടെൻ ഹാഗ് മുൻപ് പരിശീലിപ്പിച്ചിരുന്ന ഡച്ച് ക്ലബായ അയാക്‌സിലെ ബ്രസീലിയൻ വിങ്ങറായ ആന്റണിയാണ്. പരിശീലകനായി ടെൻ ഹാഗ് എത്തിയതിനു പിന്നാലെ തന്നെ ആന്റണിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് തീവ്രമായ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പലവിധ കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു. എന്നാൽ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ തങ്ങളുടെ നമ്പർ വൺ ട്രാൻസ്‌ഫർ ലക്ഷ്യത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
പ്രമുഖ ഡച്ച് ജേർണലിസ്റ്റായ ജേർഹാൻ ഹാംസ്റ്റെലാറാണ് ആന്റണിയെ വിൽക്കാൻ അയാക്‌സ് തയ്യാറാണെന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്ന കാര്യത്തിൽ തീരുമാനമായി എന്ന അർത്ഥത്തിൽ “ആന്റണി ഈസ് ഗോൺ” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. അതേസമയം ബ്രസീൽ താരത്തിനായി എത്ര തുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുടക്കുകയെന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. നേരത്തെ താരത്തിനായി അയാക്‌സ് ആവശ്യപ്പെട്ട തുകയാണ് ട്രാൻസ്‌ഫർ നീക്കങ്ങളെ മന്ദഗതിയിലാക്കിയത്. 84 മില്യൺ പൗണ്ടാണ് ട്രാൻസ്‌ഫർ തുകയെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
തുടക്കം മുതൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്താൻ ആന്റണി ആഗ്രഹിച്ചിരുന്നു എങ്കിലും അയാക്‌സിന്റെ നിലപാടുകൾ ട്രാൻസ്‌ഫർ നീക്കങ്ങൾ ദുഷ്‌കരമാക്കി. ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ക്ലബിനെതിരെ താരം തന്റെ പ്രതിഷേധം കൃത്യമായി പ്രകടിപ്പിക്കുകയുണ്ടായി. പരിശീലനത്തിനും മത്സരങ്ങൾക്കും പങ്കെടുക്കാതിരുന്ന താരം തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് അഭ്യർത്ഥനയും നടത്തിയിരുന്നു. ഇപ്പോൾ ഉഷ്ട്രേറ്റിനെതിരെ നടക്കുന്ന ഡച്ച് ലീഗ് മത്സരത്തിനുള്ള സ്‌ക്വാഡിലും ആന്റണി ഇടം നേടിയിട്ടില്ല. ഏതാനും മണിക്കൂറുകളുടെ ഉള്ളിൽ തന്നെ താരത്തിന്റെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും എന്നാണു കരുതേണ്ടത്.
🚨 Manchester United are close to an agreement with Ajax to sign Antony. Progress has been made in talks between #MUFC & #Ajax, so confidence increasing that deal gets done. 22yo Brazil winger a top target for manager Erik ten Hag all window @TheAthleticUK https://t.co/j7PBx7PVot
— David Ornstein (@David_Ornstein) August 28, 2022
മികച്ച പന്തടക്കവും പ്രതിരോധതാരങ്ങളെ കബളിപ്പിച്ചു മുന്നേറാനുള്ള വേഗതയും ഡ്രിബ്ലിങ് മികവുമുള്ള ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിരക്ക് കൂടുതൽ കരുത്തു പകരുന്നതിനൊപ്പം ടീമിന് കൂടുതൽ ആത്മവിശ്വാസവും നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്ന അഞ്ചാമത്തെ സൈനിങാണ് ഇരുപത്തിരണ്ടു വയസുള്ള താരത്തിന്റേത്. ഇതിനു മുൻപ് ടൈറൽ മലാസിയ, ക്രിസ്റ്റ്യൻ എറിക്‌സൺ, ലിസാൻഡ്രോ മാർട്ടിനസ്, കസമീറോ എന്നിവരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഇവരെല്ലാം മികച്ച പ്രകടനം ക്ലബിനു വേണ്ടി കാഴ്‌ച വെക്കാനും ആരംഭിച്ചു.