സോൾഷ്യാറിനെ പുറത്താക്കാൻ സാധ്യത, പകരം യുണൈറ്റഡ് പരിഗണിക്കുന്നത് സൂപ്പർ പരിശീലകനെ.

ഒലെ ഗണ്ണാർ സോൾഷ്യാറിനെ സംബന്ധിച്ചെടുത്തോളം ഒരു നല്ല തുടക്കമല്ല ഈ സീസണിൽ ലഭിച്ചിട്ടുള്ളത്. പ്രത്യേകിച്ച് കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡ് ടോട്ടൻഹാമിനോട് വഴങ്ങിയ കനത്ത തോൽവി അദ്ദേഹത്തിന്റെ സ്ഥാനത്തിന് കോട്ടം തട്ടിച്ചിരിക്കുകയാണ്. ഈ പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങളിൽ രണ്ടിലും തോറ്റതോടെ സോൾഷ്യാറിനെ പുറത്താക്കാനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.

ഈ മൂന്ന് മത്സരങ്ങളിൽ നിന്ന് മാത്രമായി പതിനൊന്ന് ഗോളുകളാണ് യുണൈറ്റഡ് വഴങ്ങിയത്. ടീമിന്റെ മോശം പ്രകടനത്തിൽ വളരെ വലിയ പ്രതിഷേധമാണ് യുണൈറ്റഡ് ആരാധകർ ഉയർത്തുന്നത്. ഇതിനിടെ മറ്റൊരു നീക്കം നടത്തിയിരിക്കുകയാണ് യുണൈറ്റഡ് മാനേജ്മെന്റ്. സോൾഷ്യാറിന് പകരക്കാരനായി പരിഗണിക്കുന്ന മൗറിസിയോ പോച്ചെട്ടിനോയെ മാനേജ്മെന്റ് ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി മിറർ ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

എന്നാൽ ഉടനെ സോൾഷ്യാറെ പുറത്താക്കാൻ മാനേജ്മെന്റ് കരുതുന്നില്ല. മറിച്ച് പറ്റിയ ഒരാളെ കണ്ടെത്തിയാൽ മാത്രമേ സോൾഷ്യാറിനെ പുറത്താക്കുകയൊള്ളൂ. അതിനാലാണ് പോച്ചെട്ടിനോയെ യുണൈറ്റഡ് അധികൃതർ ബന്ധപ്പെട്ടത്. എന്നാൽ പോച്ചെട്ടിനോ ഇതിനോട് എങ്ങനെ പ്രതികരിച്ചു എന്ന് വ്യക്തമല്ല. മുമ്പ് ടോട്ടൻഹാമിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. സ്പർസിനെ പരിശീലിപ്പിച്ച കാലത്ത് ലീഗിൽ ആദ്യ നാലിൽ സ്ഥിരമായി സ്ഥാനം നേടികൊടുക്കാനും ഒരു തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാനും സാധിച്ചിരുന്നു. എന്നാൽ സ്പർസ് തന്നെ ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

നിലവിൽ പോച്ചെട്ടിനോ ഫ്രീ ഏജന്റ് ആണ്. നിരവധി ഓഫറുകൾ വന്നിരുന്നുവെങ്കിലും അതെല്ലാം അദ്ദേഹം നിരസിച്ചു കളയുകയായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ സോൾഷ്യാറിന് കീഴിൽ യുണൈറ്റഡ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും പതിനാല് മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്താനുമൊക്കെ സാധിച്ചിരുന്നു. എന്നാൽ ഈ സീസണിലെ മോശം പ്രകടനമാണ് യുണൈറ്റഡിനെ മാറിചിന്തിപ്പിക്കാൻ കാരണം.