സുവാരസിനെ സൈൻ ചെയ്യാൻ പിഎസ്ജി കഴിവതും ശ്രമിച്ചു, പാരയായത് ബാഴ്സലോണ തന്നെ.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസിനെ ബാഴ്സ ക്ലബ്ബിൽ നിന്നും ഒഴിവാക്കിയത്. തുടർന്ന് താരം എതിരാളികളായ അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു. അരങ്ങേറ്റമത്സരത്തിൽ തന്നെ പകരക്കാരനായി വന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി കൊണ്ട് വിമർശകരുടെ വായടപ്പിക്കാൻ സുവാരസിന് കഴിഞ്ഞിരുന്നു. താരത്തെ ഒഴിവാക്കിയ വിഷയത്തിൽ ബാഴ്‌സക്കുള്ളിൽ തന്നെ അതൃപ്തി പുകഞ്ഞിരുന്നു.

എന്നാലിപ്പോൾ സുവാരസിന്റെ കാര്യത്തിൽ മറ്റൊരു വെളിപ്പെടുത്തലാണ് പുറത്തു വരുന്നത്. താരത്തെ ടീമിൽ എത്തിക്കാൻ വേണ്ടി ഫ്രഞ്ച് ശക്തികളായ പിഎസ്ജി കഴിവതും ശ്രമിച്ചിരുന്നുവെന്നാണ് പ്രശസ്ത മാധ്യമമായ ടെലിഫൂട്ട് പറയുന്നത്. പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ ആയിരുന്നു ഈ ഉറുഗ്വൻ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കാൻ അതീവതാല്പര്യം കാണിച്ചിരുന്നത്. എന്നാൽ ഈ ട്രാൻസ്ഫറിന് തടസ്സം നിന്നിരുന്നത് ബാഴ്‌സ തന്നെയായിരുന്നു.

സുവാരസിനെ കൈമാറാൻ ഒട്ടും ഉദ്ദേശമില്ലാത്ത ടീമുകളുടെ ലിസ്റ്റ് ബാഴ്‌സ തയ്യാറാക്കിയിരുന്നു എന്നാണ് ടെലിഫുട്ടിന്റെ ഭാഷ്യം. അതിലൊരു പിഎസ്ജിയായിരുന്നുവെന്നും അതിനാലാണ് താരത്തിന് വേണ്ടിയുള്ള പിഎസ്ജിയുടെ നീക്കങ്ങൾ എല്ലാം തന്നെ ബാഴ്സ മുളയിലേ നുള്ളിയതെന്നുമാണ് ടെലിഫൂട്ട് പറയുന്നത്. ചുരുക്കത്തിൽ സുവാരസിനെ പിഎസ്ജിക്ക് കൈമാറാൻ ബാഴ്സക്ക് താല്പര്യമുണ്ടായിരുന്നില്ല എന്നർത്ഥം. പക്ഷെ ലീഗിലെ പ്രധാന എതിരാളികളായ അത്ലെറ്റിക്കോക്ക് തന്നെ തങ്ങളുടെ പ്രധാനപ്പെട്ട സ്‌ട്രൈക്കറെ കൈമാറിയതിൽ ബാഴ്‌സക്ക് ആരാധകരുടെ ഭാഗത്തു നിന്നും വലിയ തോതിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

ക്ലബ്‌ വിട്ട എഡിൻസൺ കവാനിയുടെ സ്ഥാനത്തേക്ക് ആയിരുന്നു സുവാരസിനെ ടുഷേൽ പരിഗണിച്ചിരുന്നത്. നിലവിൽ ആ സ്ഥാനത്തേക്ക് ആരും എത്തിയില്ല എന്ന് മാത്രമല്ല ചോപോ മോട്ടിങ് ക്ലബ് വിട്ട് ബയേണിലേക്ക് കൂടുമാറുകയും ചെയ്തു. അതോടെ അർജന്റൈൻ തരാം മൗറോ ഇകാർഡിയുടെ സ്ഥാനത്തിന് ഭീഷണിയാവാൻ നിലവിൽ ടീമിൽ ആരുമില്ല. പക്ഷെ കഴിഞ്ഞ ദിവസം ടീമിൽ എത്തിച്ച എവെർട്ടൻ താരം മോയിസെ കീനിനെ പരിശീലകന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞേക്കും.

Rate this post