ഓൾഡ്‌ട്രാഫൊർഡിൽ യുണൈറ്റഡിനെ തകർത്ത് വിട്ട് മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കൽ കൂടെ ഓൾഡ്ട്രാഫോർഡിൽ വമ്പൻ പരാജയം ഏറ്റുവാങ്ങി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. സിറ്റിയുടെ പൂർണ ആധിപത്യം കണ്ട മത്സരത്തിൽ യുണൈറ്റഡ് ഗോൾകീപ്പർ ഡിജിയയുടെ സേവുകളാണ് അവരെ കൂടുതൽ ഗോൾ വഴങ്ങാതെ രക്ഷപെടുത്തിയെടുത്തത്.

മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി. യുണൈറ്റഡ് ഡിഫൻഡർ എറിക് ബെയ്‌ലിയുടെ സെല്ഫ് ഗോളാണ് സിറ്റിക്ക് ലീഡ് നേടിക്കൊടുത്തത്. ഇടതു വിങ്ങിൽ നിന്നും വന്ന ഒരു പാസ് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് ബെയ്‌ലി സ്വന്തം വലയിലേക്ക് പന്തെത്തിച്ചത്. ഗോൾ വീണതോടെ സിറ്റി മത്സരത്തിൽ പൂർണ ആധിപത്യം നേടി.ഈ ഗോളിന് മറുപടി നൽകാൻ 26ആം മിനുട്ടിൽ റൊണാൾഡോക്ക് ഒരു അവസരം ലഭിച്ചു. ലൂക് ഷോയുടെ ക്രോസിൽ നിന്ന് റൊണാൾഡോയുടെ ഇടംകാലൻ വോളി എഡേഴ്സൺ സമർത്ഥമായി തടഞ്ഞു.

.29 ആം മിനുട്ടിൽ ഗബ്രിയേൽ ജീസസിന്റെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഷോട്ട് അതിശയകരമായ ഒരു സേവിലൂടെ ഗോൾകീപ്പർ ഗോൾകീപ്പർ ഡിഗിയ തട്ടിയകറ്റി. 35 ആം മിനുട്ടിൽ ഡിഗിയ വീണ്ടും യൂണിറ്റെഡിന്റെ രക്ഷകനായി മാറി. ഡി ബ്രൂയിന്റെ ഷോട്ടും ഗോൾ കീപ്പർ മികച്ചൊരു സേവിലൂടെ തടഞ്ഞിട്ടു.റു മിനുട്ടിനിടയിൽ അഞ്ച് ലോകോത്തര സേവുകളാണ് നടത്തിയത്. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് യുണൈറ്റഡ് ഡിഫെൻസിന്റെ പിഴവ് മുതലെടുത്ത് സിറ്റി ലീഡ് വർധിപ്പിച്ചു.ജോവോ കാൻസെലോ ഇടതു വിങ്ങിൽ നിന്നും കൊടുത്ത ക്രോസ്സ് സിൽവ വലയിലാക്കി. ഡി ഗിയയുടെ മികച്ച പ്രകടനം കൊണ്ട് മാത്രമാണ് ആദ്യ പകുതിയിൽ യുണൈറ്റഡ് കൂടുതൽ ഗോളുകൾ വഴങ്ങാതിരുന്നത്.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഡൻ സാഞ്ചോയെയും റാഷ്ഫോർഡിനെയും രംഗത്ത് ഇറക്കി. രണ്ടാം പകുതിയിൽ യുണൈറ്റഡ് മെച്ചപ്പെട്ട രീതിയിൽ പന്ത് നിയന്ത്രിച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡിനായില്ല. രണ്ടാം പകുതിയിൽ ഒരു ഷോട്ട് പോലും യുണൈറ്റഡിന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 23 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. 11 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഈ പരാജയം പരിശീലകൻ ഒലേക്ക് വലിയ ക്ഷീണം തന്നെയാവും.

Rate this post