ഉയരങ്ങളിലേക്ക് വളരാതെ പോയ അർജന്റീനൻ ഇതിഹാസം : ഹാവിയർ സാവിയോള |Javier Saviola

അർജന്റീനൻ കുപ്പായത്തിൽ അണ്ടർ-20 ലോകകപ്പ് ജേതാവ്. അർജന്റീനൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച് ഒരു വർഷം പിന്നിടുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ബാഴ്‌സലോണയിലേക്ക്. ബാഴ്‌സയിൽ, പിൽക്കാലത്ത് ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച ഒരു യുവ അർജന്റീനിയൻ കൗമാരപ്രായക്കാരൻ അരങ്ങേറിയത് ഓർക്കുന്നുണ്ടോ? തന്റെ മിന്നുന്ന വേഗതയും ഡ്രിബ്ലിംഗും കൊണ്ട് എതിർനിരയുടെ പ്രതിരോധത്തെ നിർഭയം മറികടന്ന് മികച്ച ഫിനിഷിംഗും പ്രദർശിപ്പിച്ചുകൊണ്ട്, ടൺ കണക്കിന് റെക്കോർഡുകൾ തകർത്ത ആ താരത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

അല്ല, നമ്മൾ സംസാരിക്കുന്നത് ലയണൽ മെസ്സിയെക്കുറിച്ചല്ല. എണ്ണമറ്റ കിരീടങ്ങൾ ഉയർത്തി, ഒരു അർജന്റീനിയൻ ഇതിഹാസവും യൂറോപ്യൻ ലീഗുകളുടെ ഐക്കണുമായി വിരമിച്ച, ആ കളിക്കാരൻ, ഹാവിയർ സാവിയോളയാണ്. ഖേദകരമെന്നു പറയട്ടെ, റെക്കോർഡുകൾ തകർത്തിട്ടും കപ്പുകൾ ഉയർത്തിയിട്ടും, അദ്ദേഹത്തിന്റെ പേര് അർജന്റീനൻ ആരാധകർക്ക് പോലും സുപരിചിതമല്ല. എന്താണ് അദ്ദേഹത്തിന്റെ കരിയറിന് സംഭവിച്ചത്..?

ബ്യൂണസ് അയേഴ്‌സ് സ്വദേശിയായ ഹാവിയർ പെഡ്രോ സാവിയോള ഫെർണാണ്ടസ്, റിവർ പ്ലേറ്റിലൂടെയാണ് ഫുട്ബോളിലേക്ക് കടന്നുവന്നത്. 16-ആം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. ഏരിയൽ ഒർട്ടെഗ, ജുവാൻ പാബ്ലോ ഏഞ്ചൽ എന്നിവർക്കൊപ്പം കളിച്ച സാവിയോള, കൂട്ടത്തിൽ മികച്ചവനായി മാറി. റിവർ പ്ലേറ്റിൽ കളിച്ചിരുന്ന സമയത്താണ് ആരാധകർ സാവിയോളക്ക് ‘എൽ കോനെജോ’ (മുയൽ) എന്ന വിളിപ്പേര് നൽകിയത്. 1999-ലെ സൗത്ത് അമേരിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡ് നേടിയ സാവിയോള, ഈ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 1979-ൽ സാക്ഷാൽ മറഡോണ കുറിച്ച ചരിത്രമാണ് സാവിയോള തിരുത്തിയത്. അപ്പോൾ, 18 വയസ്സ് മാത്രം പ്രായമുള്ള സാവിയോളയെ, അർജന്റീനിയൻ ആരാധകർ ഡീഗോ മറഡോണയുടെ പകരക്കാരനായിപ്പോലും കണക്കാക്കി.

2001-ൽ, 19-ാം വയസ്സിൽ, സാവിയോള എഫ്‌സി ബാഴ്‌സലോണയിലേക്ക് കൂടുമാറി. കോച്ച് കാർലെസ് റെക്സച്ചിന്റെ കീഴിൽ, തന്റെ ആദ്യ സീസണിൽ 17 ഗോളുകൾ നേടി, ലാ ലിഗയിലെ ടോപ്പ് സ്കോറർ പട്ടികയിൽ നാലാമനായി. 2001-ൽ അർജന്റീനയിൽ നടന്ന ഫിഫ അണ്ടർ-20 വേൾഡ് കപ്പിൽ അർജന്റീന ജേതാവായപ്പോൾ, അതിൽ സാവിയോള വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ടൂർണമെന്റിലെ ടോപ്പ് സ്‌കോററും മികച്ച കളിക്കാരനുമായി തിരഞ്ഞെടുക്കപ്പെട്ട സാവിയോള, ഏഴ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടി, ടൂർണമെന്റിന്റെ ചരിത്രത്തിലെ റെക്കോർഡ് ഗോൾ സ്‌കോററായി. ഒരു മുയലിന്റെ വേഗതയും ചടുലതയും കളിക്കളത്തിൽ പ്രകടിപ്പിച്ച സാവിയോള, എതിരാളികളെ നോക്കുകുത്തിയാക്കി ഗോളുകൾ അടിച്ചു കൂട്ടി. സാവിയോളയുടെ വേഗത, ചടുലത, ഡ്രിബ്ലിംഗ്, കളിക്കളത്തിലെ ഏത് ആക്രമണ സ്ഥാനത്തുനിന്നും സ്കോർ ചെയ്യാനുള്ള കഴിവ് എന്നിവ ആരാധകരെ ഒരുകാലത്ത് അമ്പരപ്പിച്ചിരുന്നു. സ്‌ട്രൈക്കറായും സെക്കൻഡ് സ്‌ട്രൈക്കറായും അല്ലെങ്കിൽ കൂടുതൽ ക്രിയേറ്റീവ് റോളിൽ ഒരു അറ്റാക്കിംഗ് മിഡ്‌ഫീൽഡറായി കളിക്കാനും പ്രാപ്തനായിരുന്നു സാവിയോള.

2007-ൽ, ബാഴ്‌സലോണയുമായുള്ള കരാർ അവസാനിച്ചതിന് ശേഷം, മൂന്ന് വർഷത്തെ കരാറിൽ സാവിയോള റയൽ മാഡ്രിഡിൽ ചേർന്നു. 91-ൽ 15 മില്യൺ യൂറോക്ക് റിവർ പ്ലേറ്റിൽ നിന്ന് ബാഴ്സ സ്വന്തമാക്കിയ സാവിയോളയെ, ഫ്രീ ട്രാൻസ്ഫറിൽ റയൽ സ്വന്തമാക്കിയപ്പോൾ, അത്‌ റയലിനെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. എന്നാൽ, റയലിലെത്തിയ സാവിയോളക്ക് പ്രതീക്ഷിച്ച രീതിയിൽ കളിക്കാനായില്ല. അതോടെ, കപ്പ് മത്സരങ്ങളിലും ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലുമെല്ലാം സബ്സ്ടിട്യൂട്ടായി ഇറങ്ങുന്ന സാവിയോളയെയാണ് ആരാധകർ കണ്ടത്. റയൽ മാഡ്രിഡ്‌ പരിമിതമായ അവസരങ്ങൾ മാത്രം നൽകിയതോടെ, സാവിയോള എന്ന കളിക്കാരനെ ആരാധകർ മറന്നു തുടങ്ങി. തുടർന്ന്, ക്ലബ്‌ ഫുട്ബോളിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് എന്ന കാരണം പറഞ്ഞ്, തന്റെ 28 ആം വയസ്സിൽ സാവിയോള അർജന്റീനൻ ദേശീയ ടീമിൽ നിന്ന് വിരമിച്ചു.

2009-ൽ റയൽ മാഡ്രിഡിൽ നിന്ന് 5 മില്യൺ യൂറോ കരാറിന് സാവിയോള എസ്.എൽ. ബെൻഫിക്കയിൽ എത്തി. ബെൻഫിക്കക്ക് വേണ്ടി 24 ഗോളുകൾ നേടിയ താരം, തുടർന്ന്, മലാഗ, ഒളിംപിയാക്കോസ്, വെറോണ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചു. മൂന്ന് ക്ലബ്ബുകൾക്കായി മൊത്തത്തിൽ 21 ഗോളുകൾ നേടി. 2015 ജൂൺ 30-ന് സാവിയോള തന്റെ ആദ്യ ക്ലബ്ബായ റിവർ പ്ലേറ്റിലേക്ക് മടങ്ങുന്നതായി പ്രഖ്യാപിച്ചു. കളിച്ച ക്ലബ്ബുകൾക്ക് വേണ്ടിയെല്ലാം ഗോൾ നേടിയ സാവിയോളക്ക്, റിവർ പ്ലേറ്റിലെ രണ്ടാം പാദത്തിൽ ഗോൾ കണ്ടെത്താനായില്ല. അതോടെ, 34-ാം വയസ്സിൽ സാവിയോള പ്രൊഫഷണൽ ഫുട്ബോളിനോട്‌ വിട പറഞ്ഞു. വിരമിച്ച ഉടൻ, സാവിയോള കുടുംബത്തോടൊപ്പം അൻഡോറയിൽ സ്ഥിരതാമസമാക്കി. അൻഡോറൻ ക്ലബ്‌ എഫ്‌സി ഓർഡിനോയുടെ അസിസ്റ്റന്റ് മാനേജരായി നിയമിതനായി. 2018 ഫെബ്രുവരിയിൽ അദ്ദേഹം പ്രാദേശിക ഫുട്‌സൽ ടീമായ എൻക്യാമ്പിൽ ചേർന്നു.

18 വർഷത്തെ കരിയറിൽ അദ്ദേഹം 221 ഗോളുകൾ നേടി. എന്നാൽ, റിവർ പ്ലേറ്റിലെ ആ പുത്തൻ താരോദയമായ കുട്ടി, ലോകഫുട്ബോളിന് വളരെയധികം വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഖേദകരമെന്നു പറയട്ടെ, അർജന്റീനയുടെ തെരുവുകളിൽ വളർന്ന ആ കുട്ടി, ലോക ഫുട്ബോളിന്റെ ഉയരങ്ങളിൽ എത്തുമെന്ന് കരുതിയെങ്കിലും, യാഥാർത്ഥ്യം അതിന് വിലങ്ങുതടിയായി. നിർഭാഗ്യവശാൽ, ഹാവിയർ സാവിയോള ഉയരങ്ങളിലേക്ക് വളരാത്ത കുട്ടിയായി.

Rate this post