സൗദിയുടെ വമ്പൻ ഓഫർ വേണ്ടെന്ന് വെച്ച് നെയ്മർ,ചർച്ച നടത്തുന്നത് പ്രീമിയർ ലീഗ് ക്ലബ്ബുമായി!

ലയണൽ മെസ്സിക്കൊപ്പം നെയ്മർ ജൂനിയറും ഈ സീസണിന് ശേഷം പിഎസ്ജി വിടാൻ തീരുമാനിച്ചിട്ടുണ്ട്.പക്ഷേ കാര്യങ്ങൾ അതിസങ്കീർണ്ണമാണ്.മറ്റൊരു ക്ലബ്ബ് കണ്ടെത്തുക എന്നത് നെയ്മർക്ക് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.പുതിയ ക്ലബ്ബിലേക്ക് ചേക്കേറണമെങ്കിൽ അദ്ദേഹത്തിന് തന്റെ സാലറി ക്രമാതീതമായി കുറയ്ക്കേണ്ടി വന്നേക്കും.

അതിന് നെയ്മർ തയ്യാറാവുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്.പക്ഷേ നെയ്മർ ജൂനിയർ സൗദി അറേബ്യയിൽ നിന്നും ഒരു വമ്പൻ ഓഫർ ലഭിച്ചിരുന്നു.ഒരു സൗദി അറേബ്യൻ ക്ലബ്ബ് 400 മില്യൺ യൂറോളമാണ് നെയ്മർക്ക് വാഗ്ദാനം ചെയ്തിരുന്നത്.പക്ഷേ നെയ്മർ ജൂനിയർ അത് പരിഗണിച്ചിട്ടില്ല.നെയ്മർ അത് തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്.

യൂറോപ്പിൽ തന്നെ തുടരാനാണ് നെയ്മറുടെ തീരുമാനം.നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടക്കുന്നുണ്ട്.ഓൾഡ് ട്രഫോഡിലേക്ക് എത്താൻ നെയ്മർക്ക് ആഗ്രഹമുണ്ട്.പക്ഷേ നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തണമെങ്കിൽ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നെയ്മറെ കൊണ്ടുവരൽ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

യൂറോപ്പിലെ മറ്റേത് ക്ലബ്ബുമായും കോൺട്രാക്ടിൽ എത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിഎസ്ജി തന്നെ തുടരാനാണ് നെയ്മറുടെ പദ്ധതി.കാരണം യൂറോപ്പ് വിട്ടു പുറത്തു പോകാൻ നെയ്മർ ജൂനിയർ ആഗ്രഹിക്കുന്നില്ല.താരത്തെ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു.പെപ് ഗാർഡിയോള നെയ്മറുടെ പദ്ധതികൾ അറിയാൻ വേണ്ടി അദ്ദേഹത്തെ കോൺടാക്ട് ചെയ്തു എന്നായിരുന്നു വാർത്തകൾ.പക്ഷേ നെയ്മറെ എത്തിക്കാൻ നിലവിൽ സിറ്റിക്ക് ഉദ്ദേശമില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.ചെൽസിയുടെയും ന്യൂകാസിലിന്റെയുമൊക്കെ പേരുകൾ ഉയർന്നു കേട്ടിട്ടുണ്ടെങ്കിലും അതിലൊന്നും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

നെയ്മർ അടുത്ത സീസണിൽ എവിടെ കളിക്കും എന്നതിൽ ഇതുവരെ ഒന്നും ഉറപ്പിച്ച് പറയാൻ പറ്റാത്ത സാഹചര്യമാണ്.അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായതിനാൽ നെയ്മർ പാരീസിൽ തന്നെ തുടർന്നാലും അത്ഭുതപ്പെടാനില്ല.പക്ഷേ ആരാധകരുടെ പ്രതിഷേധങ്ങളും അപമാനങ്ങളും നെയ്മർക്ക് ഇനിയും ഏൽക്കേണ്ടി വന്നേക്കും.

5/5 - (1 vote)