‘അതിജീവനത്തിനായുള്ള പോരാട്ടം’ : ചാമ്പ്യൻസ് ലീഗിലെ നിർണായക പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ മ്യൂണിക്കിനെ നേരിടുമ്പോൾ |Manchester United

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിസന്ധി ഘട്ടത്തിലെത്തിയിട്ടില്ലെന്ന് കഴിഞ്ഞ ആഴ്ച ചെൽസിക്കെതിരായ വിജയത്തിന് ശേഷം മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞിരുന്നു. ലീഗിലെ തുടർച്ചയായ വിജയങ്ങൾ അവർക്ക് വലിയ പ്രതീക്ഷകൾ നൽകുകയും ചെയ്തു. നവംബറിലെ മികച്ച മാനേജർക്കുള്ള പുരസ്‌കാരം ഡച്ച് മാൻ സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ദിവസം ബോൺമൗത്തിനോട് ഹോം ഗ്രൗണ്ടിൽ 3-0 ന് തോറ്റത് യൂണൈറ്റഡിനും ടെൻ ഹാഗിനും വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.16 മത്സരങ്ങളിൽ ഏഴ് തോൽവികൾക്ക് ശേഷം റെഡ് ഡെവിൾസ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ്. പ്രീമിയർ ലീഗിൽ ആദ്യ നാലിൽ സ്ഥാനം വീണ്ടെടുക്കാൻ സമയമുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ അവരുടെ അവസ്ഥ അങ്ങനെയല്ല.ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി ഓൾഡ് ട്രാഫോർഡിൽ ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തോടെ തീരുമാനമാവും.

ജർമ്മൻ ചാമ്പ്യൻമാർക്കെതിരായ വിജയം മാത്രമേ യുണൈറ്റഡിന് അവസാന 16-ലേക്ക് മുന്നേറാനുള്ള അവസരങ്ങൾ നൽകുന്നുള്ളൂ.അതിനൊപ്പം ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗനും ഗലാറ്റസറെയും സമനിലയിൽ പിരിയുകയും വേണം.“ഞങ്ങൾ ശരിക്കും സ്ഥിരതയില്ലാത്തവരാണ്.ഒരു സ്ക്വാഡ് എന്ന നിലയിൽ ഞങ്ങൾ സ്ഥിരത പുലർത്താൻ പര്യാപ്തമല്ലെന്ന് ഞാൻ കരുതുന്നു, അത് മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ ഒരു സ്ക്വാഡായി പ്രവർത്തിക്കേണ്ടതുണ്ട്” ഓൾഡ് ട്രാഫോർഡിൽ ബോൺമൗത്തിനെതിരെയുള്ള മത്സരത്തിന് ശേഷം ടെൻ ഹഗ് പറഞ്ഞു.

പ്രീമിയർ ലീഗിൽ ഒരു യുണൈറ്റഡ് ഫോർവേഡും ഹോം ഗ്രൗണ്ടിൽ സ്‌കോർ ചെയ്തിട്ടില്ല.കഴിഞ്ഞ സീസണിൽ 30 തവണ സ്കോർ ചെയ്ത റാഷ്ഫോർഡ് ഈ സീസണിൽ ഇതുവരെ രണ്ടു ഗോളുകൾ മാത്രമേ നേടിയിട്ടുള്ളു, അതിലൊന്ന് പെനാൽറ്റി സ്പോട്ടിൽ നിന്നാണ്.ഇംഗ്ലണ്ട് ഇന്റർനാഷണൽ ടെൻ ഹാഗിന്റെ ക്ഷമയെ പരീക്ഷിച്ചതോടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്തായി.കഴിഞ്ഞ വർഷം 86 മില്യൺ പൗണ്ടിനെത്തിയ ആന്റണി തന്റെ അവസാന 25 മത്സരങ്ങളിൽ ഗോൾ നേടിയിട്ടില്ല.

അലക്‌സ് ഫെർഗൂസൺ മാനേജറായി പോയതിനുശേഷം ഒരു ദശാബ്ദത്തിനുള്ളിൽ യുണൈറ്റഡിന്റെ വിലയേറിയ ഫ്ലോപ്പുകളുടെ ഒരു നീണ്ട പട്ടികയിൽ ഒന്ന് മാത്രമാണ് ബ്രസീലിയൻ.കഴിഞ്ഞ വാരാന്ത്യത്തിൽ ബോൺമൗത്തിനോട് തോറ്റത് ഫെർഗൂസന്റെ വിരമിക്കലിന് ശേഷം യുണൈറ്റഡ് നേരിടുന്ന 35-ാമത്തെ ഹോം ലീഗ് തോൽവിയാണ്.സ്കോട്ടിഷ് മാനേജരുടെ ഐതിഹാസികമായ 26 വർഷത്തെ ഭരണത്തിൽ ഓൾഡ് ട്രാഫോർഡിൽ നടന്ന ലീഗ് മത്സരങ്ങളിൽ യുണൈറ്റഡ് 34 തവണ മാത്രമാണ് പരാജയപ്പെട്ടത്.

ഗ്രൂപ്പ് ജേതാക്കളെന്ന നിലയിൽ ബയേണിന് അവസാന 16-ലെ സ്ഥാനം ഉറപ്പാണ്. ശനിയാഴ്ച ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 5-1ന് പരാജയപെട്ടാണ് ബയേൺ യുണൈറ്റഡിനെ നേരിടാൻ എത്തുന്നത്.ആറ് വർഷം മുമ്പാണ് ബയേൺ അവസാനമായി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ തോറ്റത്.

Rate this post