“മാഞ്ചസ്റ്റർ യുണൈറ്റഡിൽ റാൽഫ് റാംഗ്നിക്ക് യുഗത്തിന് ജയത്തോടെ തുടക്കം”

പുതിയ പരിശീലകൻ റാൽഫ് റാംഗ്നിക്കിന്റെ മാഞ്ചസ്റ്റർ യൂണൈറ്റഡിലെ ആദ്യ മത്സരത്തിൽ തന്നെ ജയം. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത്.രണ്ടാം പകുതിയിൽ ബ്രസീലിയൻ മിഡ്ഫീൽഡർ ഫ്രെഡ് നേടിയ ഗോളിനായിരുന്നു യുണൈറ്റഡിന്റെ ജയം. കളിയുടെ തുക്കം മുതൽ ക്രിസ്റ്റൽ പാലസ്‌ ഗോൾ മുഖത്തേക്ക് കൃത്യമായ ആസൂത്രണത്തോടെ ഇരച്ചുകയറാൻ റൊണാൾഡോ ഉൾപ്പെടെയുള്ള യുണൈറ്റഡ് മുന്നേറ്റ നിരയ്ക്ക് സാധിച്ചെങ്കിലും, എതിരാളികളുടെ പ്രതിരോധം പാറ പോലെ ഉറച്ചുനിന്നു.

പ്രെസിങ് ഗെയിമിന്റെ വക്താവായ റാൽഫ് റാംഗ്നിയക്കിന്റെ പ്രഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗെയിമിൽ വ്യക്തമായി പ്രതിഫലിച്ചു.മത്സരത്തിൽ യുണൈറ്റഡ് പതിവില്ലാതെ തുടക്കം മുതൽ പ്രസ് ചെയ്യുന്നതും നല്ല ഫുട്ബോൾ കളിക്കുന്നതും കാണാൻ ആയി. തുടക്കം മുതൽ അറ്റാക്കിംഗ് ഫുട്ബോൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ നിരവധി അവസരങ്ങളും സൃഷ്ടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ പകുതിയിലെ താളം നഷ്ടപ്പെട്ടു. അറ്റാക്കുകൾ നടത്താൻ ആയി എങ്കിലും ഗോൾ വരാത്തത് യുണൈറ്റഡിനെ ആശങ്കയിലാക്കി. സാഞ്ചോയെ പിൻവലിച്ച് ഗ്രീൻവുഡിനെ ഇറക്കി റാൾഫ് യുണൈറ്റഡ് അറ്റാക്കിൽ മാറ്റങ്ങൾ വരുത്തി നോക്കി. ഗോൾ യുണൈറ്റഡിന് ലീഡ് നൽകി. ഫ്രെഡാണ് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഈ ഗോൾ നേടിയത്. വലതു വിങ്ങിൽ നിന്ന് ഡാലോറ്റ് തുടങ്ങിയ അറ്റാക്ക് ഗ്രീന്വുഡ് ആണ് പാസിലൂടെ ഫ്രെഡിന് നൽകിയത്. റാൾഫ് റാഗ്നികിന്റെ കീഴിലെ യുണൈറ്റഡിന്റെ ആദ്യ ഗോളായി ഇത്. ഇത് വിജയ ഗോളായും മാറി.

ജയത്തോടെ 24 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തേക്ക്‌ കയറി. ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ റെഡ് ഡെവിൾസ് ആഴ്സനലിനെ 3-2ന് തോൽപ്പിച്ചിരുന്നു.

Rate this post