“കൊമ്പൻ ഇടഞ്ഞു” ; അവസാനം കാത്തിരുന്ന ജയം കേരള ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തി

അതാ അവസാനം ബ്ലാസ്റ്റേഴ്സിന് കാത്തിരുന്ന വിജയം എത്തിയിരിക്കുകയാണ്. ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒഡിഷയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.ഈ സീസണിൽ കളിച്ച എല്ലാ മത്സരവും വിജയിച്ച് മുന്നേറുക ആയിരുന്ന ഒഡീഷയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊമ്പന്മാർ പരാജയപ്പെടുത്തിയത്.സമ്പൂർണ്ണ ആധിപത്യവും മനോഹര ഫുട്ബോളും കാഴ്ചവെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിച്ചത്.

ഇന്ന് മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം ആരംഭിച്ചത്. ആദ്യ മിനുട്ടിൽ തന്നെ ഒഡീഷ ഗോൾ കീപ്പറെ പരീക്ഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. സഹലായിരുന്നു ആദ്യ ഷോട്ട് ടാർഗറ്റിലേക്ക് തൊടുത്തത്. പിന്നാലെ നാലാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ലൂണയും ഒഡീഷ കീപ്പറെ പരീക്ഷിച്ചു. പക്ഷെ രണ്ടു ഷോട്ടും കമൽജിത് തടഞ്ഞു. 14ആം മിനുട്ടിൽ ആണ് ഒഡീഷക്ക് ആദ്യ അവസരം ലഭിച്ചത്. പക്ഷെ ഹാവി ഹെർണാണ്ടസിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്ത് പോയി.25ആം മിനുട്ടിൽ ഗ്രൗണ്ടിന് മധ്യത്തിൽ നിന്നും ഹാവി ഹെർണാണ്ടസ് കേരള ഗോൾ മുഖത്തേക്ക് ഷോട്ട് തൊടുത്തു. ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് ആ ഷോട്ട് പുറത്തേക്ക് പോയത്. ഈ രണ്ട് അവസരങ്ങൾ ഉണ്ട് എങ്കിലും ആദ്യ പകുതിയിൽ ഉടനീളം കേരള ബ്ലാസ്റ്റേഴ്സ് ആണ് കളി നിയന്ത്രിച്ചത്. പന്ത് കൂടുതൽ സമയം കൈവഡം വെച്ചതും കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു.

രണ്ടാം പകുതിയിൽ തുടക്കത്തിൽ ലൂണയ്ക്ക് ഒരു ഷോട്ട് കിട്ടി എങ്കിലും ഫലം ഉണ്ടായില്ല. ലൂണയുടെ ഷോട്ട് ബാറിന് മുകളിലൂടെ പോയി. അധിക സമയം എടുത്തില്ല കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ കണ്ടെത്താൻ. 60ആം മിനുട്ടിൽ ഒരു കൗണ്ടറിൽ നിന്ന് മഞ്ഞപ്പട തങ്ങളുടെ ആദ്യ ഗോൾ നേടി. ലൂണയുടെ ഫസ്റ്റ് ടച്ച് പാസ് ഓഫ്സൈഡ് ട്രാപ്പ് കീഴ്പ്പെടുത്തി ഓടിയ ആൽവാരോ ഗാർസിയ വാസ്കസിൽ എത്തി. താരം ഗോൾ മുഖത്തേക്ക് കുതിച്ച് ഗോളിയെ അനായാസം മറികടന്ന് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിക്കുക ആയിരുന്നു.

86ആം മിനുട്ടിൽ രണ്ടാം ഗോൾ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. ആരും പ്രതീക്ഷ വെക്കാത്ത പ്രശാന്ത് ആണ് കേരള ബ്ലാാറ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത്. ഈ ഗോളും ഒരുക്കിയത് ലൂണ ആയിരുന്നു. ഇതിനു ശേഷവും നിരവധി അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. അവസാനം ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കേരളം വഴങ്ങി എങ്കിലും അത് ബ്ലാസ്റ്റേഴ്‌സ് വിജയം തടഞ്ഞില്ല.ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചു പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. ഒഡീഷ മൂന്നാം സ്ഥാനത്താണ്.

Rate this post