പത്ത് മില്യൺ നൽകി ഡിബാലയെ സ്വന്തമാക്കാനാവസരം, നീക്കങ്ങളാരംഭിച്ച് പ്രീമിയർ ലീഗ് ക്ലബ്
യുവന്റസ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായാണ് പൗളോ ഡിബാലയെ ഇറ്റാലിയൻ ക്ലബായ റോമ സ്വന്തമാക്കുന്നത്. മൗറീന്യോയുടെ കീഴിൽ കളിക്കാൻ റോമയിൽ എത്തിയ ഡിബാല ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ലോകകപ്പിന് ശേഷം തന്റെ മികവ് ഒന്നുകൂടി ഉയർത്തിയ താരത്തിന്റെ കരുത്തിൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ് ഇറ്റാലിയൻ ക്ലബ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ഈ സീസണിൽ ഇരുപതു മത്സരങ്ങൾ റോമക്കായി കളിച്ച് പത്ത് ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തമാക്കിയ ഡിബാല റോമയിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും താരം അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ അവസാനിക്കുന്നതോടെ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം റോമ കരാറിലുള്ള ഉടമ്പടിയാണ് ഡിബാലയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കൂടുതൽ പ്രചോദനം നൽകുന്നത്. ഇത് പ്രകാരം ഈ സീസണിനു ശേഷം ഇറ്റലിക്ക് പുറത്തുള്ള ക്ലബുകൾക്ക് 10.7 മില്യൺ പൗണ്ട് നൽകി അർജന്റീന താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന ഉടമ്പടിയുണ്ട്. ഇത് മുതലെടുത്താണ് ദിബാലയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കാൻ ശ്രമിക്കുക.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറണോ, അതോ റോമയിൽ തന്നെ തുടരണോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് ഡിബാലയുടേത് തന്നെയാകും. റോമയിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ ഇറ്റലിയിൽ തന്നെ ഡിബാല തുടരാനാണ് സാധ്യതയുള്ളത്. അതേസമയം കൂടുതൽ പ്രതിഫലം ആഗ്രഹമുണ്ടെങ്കിൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരഞ്ഞെടുത്തേക്കും.
Manchester United target Paulo Dybala 'will be available for just £10.7m' https://t.co/QTZXlDEgno
— MailOnline Sport (@MailSport) February 10, 2023
സീരി എയിൽ നിന്നുള്ള മറ്റു ചില താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസ്റ്റിലുണ്ട്. നാപ്പോളി താരമായ വിക്റ്റർ ഒസിംഹൻ, റോമയിൽ ഡിബാലയുടെ സഹതാരമായ ഇംഗ്ലീഷ് സ്‌ട്രൈക്കർ ടാമി അബ്രഹാം എന്നിവരെയും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ഹാരി കേനിലും യുണൈറ്റഡിന് താൽപര്യമുണ്ടെങ്കിലും കനത്ത ട്രാൻസ്‌ഫർ ഫീസ് കാരണം അതിൽ സജീവമായി മുന്നോട്ടു പോകാനുള്ള സാധ്യതയില്ല.