“തോൽവി തുടർ കഥയാക്കി മാഞ്ചസ്റ്റർ യൂണൈറ്റഡ് “|Manchester United

ഗൂഡിസൺ പാർക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 1-0 ന് വിജയിച്ചതോടെ എവർട്ടൺ അവരുടെ പ്രതീക്ഷകൾക്ക് ജീവൻ വെപ്പിച്ചിരിക്കുകയാണ് .മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയമില്ലാത്ത തുടർച്ചയായ മൂന്നാം മത്സരമായി ഇത്.യുണൈറ്റഡിനെതിരായ 14 പ്രീമിയർ ലീഗ് (PL) ശ്രമങ്ങളിൽ അവരുടെ രണ്ടാമത്തെ വിജയം മാത്രമാണിത്.

യുണൈറ്റഡിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.സ്ട്രൈക്കർ റാഷ്ഫോർഡിന് രണ്ട് അവസരങ്ങൾ ലഭിച്ചു എങ്കിലും ഗോൾ പിറന്നില്ല. എവർട്ടൻ കീപ്പർ ജോർദാൻ പിക്‌ഫോർഡിന്റെ സേവുകൾ അവർക്ക് രക്ഷയായി.തുടക്കത്തിൽ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാതിരുന്ന എവർട്ടൺ 27ആം മിനുട്ടിൽ തങ്ങളുടെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. യുവതാരം ആന്റണി ഗോർദൊന്റെ ഷോട്ട് മഗ്വയറിൽ തട്ടി വലിയ ഡിഫ്ലക്ഷനോടെ ആണ് വലയിൽ കയറിയത്.

35 ആം മിനുട്ടിൽ റിചാലിസന്റെ ഗോളെന്നുറച്ച ശ്രമം യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഗിയ രക്ഷപെടുത്തി.രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ ഉണ്ടാക്കാൻ കഴിയാതെ കഷ്ടപ്പെട്ടു. രണ്ടാം പകുതിയിൽ ആകെ 2 ഷോട്ട് ആണ് ടാർഗറ്റിലേക്ക് തൊടുക്കാൻ യുണൈറ്റഡിനായത്.ഇടവേളയ്ക്ക് ശേഷം യുണൈറ്റഡ് നിരാശപ്പെടുത്തി, എവർട്ടൺ അർഹമായ വിജയം സ്വന്തമാക്കി.

51 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് പരാജയം. എവർട്ടണ് ആകട്ടെ ഈ വിജയം വലിയ ഊർജ്ജമാകും. റിലഗേഷൻ സോണിന് 4 പോയിന്റ് മുകളിൽ എത്താൻ ഈ ജയത്തോടെ എവർട്ടണായി. 30 മത്സരങ്ങളിൽ 28 പോയിന്റാണ് എവർട്ടണ് ഉള്ളത്.

തോൽവിയോടെ ടോപ്പ്-ഫോർ റേസിൽ നിന്നും യുണൈറ്റഡ് പുറത്ത് പോയിരിക്കുകയാണ്.റാൾഫ് രംഗ്‌നിക്കിന്റെ ടീമിന് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവാൻ സാധ്യതയില്ല.എറിക് ടെൻ ഹാഗിന്റെ ആസന്നമായ വരവ് അടുത്ത സീസണിൽ കുറച്ച് പ്രതീക്ഷയെങ്കിലും നൽകുന്നു.

Rate this post