❝മാർകോ വെറാറ്റി VS റോഡ്രിഗോ ഡി പോൾ ❞ : മിഡ്ഫീൽഡ് എഞ്ചിനുകൾ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ

യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ഹോൾഡർമാരായ അർജന്റീനയും നാളെ വെംബ്ലിയിൽ നടക്കുന്ന 2022 ഫൈനൽസിമയിൽ കൊമ്പുകോർക്കും.ഇറ്റാലിയൻ ഫുട്ബോൾ ടീമിന് കഴിഞ്ഞ 12 മാസങ്ങൾ ഒരു റോളർ കോസ്റ്റർ റൈഡായിരുന്നു. അവർ ഒരിക്കലും അത്ര പ്രബലരായി കാണപ്പെട്ടില്ല.കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗിന്റെ സെമി ഫൈനലിൽ സ്പെയിനിനോട് തോൽക്കുന്നതുവരെ 37 മത്സരങ്ങൾ പരാജയം രുചിക്കാതെയാണ് അസൂറികൽ കടന്നു പോയത്.

അപ്പോഴേക്കും ഇറ്റലി 2020 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. എന്നിരുന്നാലും, 2022 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ താരനിബിഡമായ ഇറ്റാലിയൻ ടീം പരാജയപെട്ടു. നാളെ തെക്കേ അമേരിക്കയിലെ ചാമ്പ്യന്മാരുമായി മത്സരിക്കുമ്പോൾ അതിൽ നിന്നും കര കയറാനുള്ള ഒരുക്കത്തിലാവും ഇറ്റാലിയൻ ടീം.മാർച്ച് അവസാനം ഇക്വഡോറിനെതിരെ 1-1 സമനില വഴങ്ങിയതിന് ശേഷം അർജന്റീന ഒരു ഫുട്ബോൾ മത്സരവും കളിച്ചിട്ടില്ല. 2019 ജൂലൈ മുതലുള്ള എല്ലാ മത്സരങ്ങളിലും അവർ തോൽവി അറിയാത്തതെയാണ് മുന്നേറുന്നത്.രണ്ട് ഫുട്ബോൾ ഭീമന്മാർ തമ്മിലുള്ള ഉയർന്ന മത്സരമായിരിക്കും ഇത്.

എന്നാൽ മിഡ്ഫീൽഡിലെ രണ്ടു അതികായകന്മാർ തമ്മിലുള്ള പോരാട്ടം കൂടിയാണിത്.ഇറ്റലിയുടെയും അര്ജന്റീനയുടെയും മിഡ്ഫീൽഡ് എഞ്ചിനുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പിഎസ്ജി താരം മാർകോ വെറാറ്റിയും അത്ലറ്റികോ മാഡ്രിഡ് താരം റോഡ്രിഗോ ഡി പോളും.അർജന്റീനയ്‌ക്കെതിരെ ഇറങ്ങുന്ന ഇറ്റലിയുടെ ക്രിയേറ്റർ ഇൻ ചീഫ് മാർക്കോ വെറാറ്റിയാകും. ഈ ടേമിൽ പാരീസ് സെന്റ് ജെർമെയ്‌നിനായി വെറാട്ടി മികച്ച ഫോമിലായിരുന്നു, മോണ്ട്പെല്ലിയറിനും മെറ്റ്‌സിനെതിരെയുള്ള അവസാന രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനവുമായാണ് ഇറ്റാലിയൻ സീസൺ അവസാനിപ്പിച്ചത്. അർജന്റീനയുടെ മുന്നേറ്റങ്ങളെ തടയുകഎന്നതിലുപരി മെസ്സിയുമായുള്ള ലിങ്ക് അപ്പ് പ്ലേയ് തടയുക എന്ന ദൗത്യമാവും വെറാറ്റിക്കുള്ളത്.

പന്ത് സംരക്ഷിക്കുന്നതിലും കൈവശം നിലനിർത്തുന്നതിലും വൺ-ടച്ച് പാസുകൾ കളിക്കുന്നതിലും സമർത്ഥനായ ഒരു ഡീപ് പ്ലേമേക്കർ ആയ വെറാറ്റി ഇറ്റലിയെ യൂറോ കപ്പ് കിരീട ധാരികൾ ആകുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ഈ സീസണിൽ വെറാറ്റിയുടെ ഏറ്റവും മികച്ച പ്രകടനം കാണാൻ സാധിച്ചത് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെതിരെയുള്ള ആദ്യ പാദ മത്സരത്തിലാണ്. റയലിന്റെ ലോകോത്തര മിഡ്ഫീൽഡ് ത്രയമായ കാസീമിറോ -മോഡ്രിച് – ക്രൂസ് എന്നിവരെ വരച്ച വരയിൽ നിർത്തിയ ഇറ്റാലിയൻ മത്സരം പാരീസ് ക്ലബിന് അനുകൂലമാക്കിയിരുന്നു.

ഉയർന്ന മത്സരങ്ങളിലെ സമ്മർദ ഘട്ടങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ഇറ്റാലിയൻ ടെക്‌നിഷ്യന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.മിഡ്ഫീൽഡിൽ നിന്നും മുന്നേറ്റനിരയിലേക്കുള്ള ബോൾ സപ്ലൈ സമർത്ഥമായി താരം തടയുകയും ചെയ്യും.കളിക്കളത്തിൽ എത്ര സമ്മർദം ഉണ്ടെങ്കിലും ശാന്തതയോടെ കളിക്കാനും മിഡ്ഫീൽഡർ കളിക്കാർക്ക് പിന്നിൽ അധിക പാസുകൾ കളിക്കാനും കഴിവുള്ള താരം കൂടിയായണ് ഇറ്റാലിയൻ.

എന്നാൽ വെറാറ്റിക്ക് മറുപടിയാവാൻ അർജന്റീനിയൻ നിരയിൽ മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന റോഡ്രിഗോ ഡി പോൾ ഉണ്ടാവും. മികച്ച ഫോമിലായ താരം അത്ലറ്റികോ മാഡ്രിഡിന്റെ അവസാന മൂന്ന് ലാ ലിഗ മത്സരങ്ങളിൽ നിന്ന് മുരണ്ടു ഗോളുകൾ നേടി.അതിൽ രണ്ടെണ്ണത്തിൽ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി അർജന്റീനയുടെ മത്സരങ്ങൾ നിരീക്ഷിക്കപെടുമ്പോൾ ഡി പോൾ എന്ന മിഡ്ഫീല്ഡറുടെ വളർച്ച നമുക്ക് കാണാൻ സാധിക്കും.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ നിരക്കാർ അണിനിരന്നിട്ടും മധ്യ നിരയിലെ നിലവാരമില്ലായ്മയാണ് പലപ്പോഴും അർജന്റീനക്ക് തിരിച്ചടിയാവാറുള്ളത്. എന്നാൽ ഡി പോളിന്റെ വരവ് അവർക്ക് വലിയൊരു ആശ്വാസം നൽകി.

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് ഡി പോൾ. . കോപ്പ ഫൈനലിൽ ഫൈനലിൽ അർജന്റീനയുടെ യഥാർത്ഥ പോരാളിയാണ് നെയ്മറെന്ന പ്രതിഭാസത്തെ തടഞ്ഞു നിർത്തി ബ്രസീൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്ത മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ ആയിരുന്നു.വളരെ കുറച്ചു നാളുകൾകൊണ്ട് തന്നെ അര്ജന്റീന മധ്യ നിരയുടെ എൻജിൻ റൂം എന്ന പേരും താരത്തിന് വീണു.പ്രതിരോധത്തിലിറങ്ങി പന്ത് പിടിച്ചെടുക്കാനും മിഡ്‌ഫീൽഡിൽ നിന്ന് മുന്നേറ്റ നിരക്ക് പന്തെത്തിച്ചി കൊടുക്കുന്നതിൽ മിടുക്ക് കാണിച്ച മിഡിഫൻഡർ മെസ്സിയുമായി മികച്ച ധാരണ പുലർത്തുകയും ചെയ്യുന്നുണ്ട്.

മുന്നിൽ നിന്നും ഗോളവസരങ്ങൾ ഒരുക്കാനും,നിർണ്ണായക സംഭാവനകൾ നൽകാനും ആവശ്യമുള്ളപ്പോൾ പ്രതിരോധിക്കാൻ തിരികെയെത്താനും കഴിയുന്ന ഒരു മികച്ച ക്ലാസ് മിഡ്ഫീൽഡറെ ഡി പോളിൽ നമുക്ക് കാണാനാവും. മിഡ്ഫീൽഡിൽ ഈ കോട്ടകെട്ടി സ്ഥിരത പുലർത്തി മികച്ച ധാരണയോടെ മുന്നോട്ട് പോയാൽ അടുത്ത വർഷത്തെ വേൾഡ് കപ്പിൽ ഫൈനലിൽ ഒരു ടീമിന്റെ പേര് അര്ജന്റീന എന്നായിരിക്കും.

Rate this post