ലെസ്‌കോവിചിനെ വേണ്ടെന്ന് വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, സൂപ്പർ വിദേശതാരത്തിനെ സൈൻ ചെയ്യാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്.. | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അടുത്ത മത്സരത്തിൽ മോഹൻ ബഗാനെ കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അണിയറയിൽ ട്രാൻസ്ഫർ നീക്കങ്ങളും നടത്തുന്നുണ്ട്. ഏറ്റവും പുതുതായി വന്ന ട്രാൻസ്ഫർ വാർത്തകൾ പ്രകാരം നിലവിൽ ഐഎസ്എൽ ടീമായ എഫ്സി ഗോവയുടെ മൊറോക്കൻ താരമായ നോഹ സദോയിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ നടത്തുന്നുണ്ട്.

30 വയസ്സുകാരനായ മൊറോക്കൻ സൂപ്പർതാരം ഈ സീസൺ കഴിയുന്നതോടെ എഫ് സി ഗോവയോട് വിട പറയും. ടീമിൽ തുടരാൻ താൽപര്യം കാണിക്കാത്ത താരം എഫ് സി ഗോവ അല്ലാതെ മറ്റൊരു ടീമിനെ തേടുകയാണ്. ഈയൊരവസരം മുതലെടുത്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോയത്.

നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം നോഹ സദോയിയെ സ്വന്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ചർച്ചകൾ അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. 2026 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിലായിരിക്കും താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് തട്ടകത്തിൽ എത്തിക്കുക. ട്രാൻസ്ഫർ ചർച്ചകൾ നിലവിൽ അവസാനഘട്ടത്തിൽ എത്തി നിൽക്കവേ സൈനിങ് പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ കഴിഞ്ഞ മൂന്നു സീസണുകളിലായി പന്ത് തട്ടുന്ന ക്രോയേഷ്യൻ വിദേശ താരമായ മാർക്കോ ലെസ്‌കോവിച് ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും കരാർ അവസാനിച്ച് ടീമിനോട് വിടപറഞ്ഞേക്കും. നിരന്തരം പരിക്കുകൾ പറ്റുന്ന താരത്തിന് ടീമിൽ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിനു ആഗ്രഹമില്ലാത്തതിനാലാണ് പുതിയൊരു കരാർ താരത്തിന് നൽകാതിരിക്കുന്നത്.